ജോര്‍ജിയ സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ യാത്രാസംഘത്തിന് അധികൃതരില്‍നിന്ന് കടുത്ത അപമാനം ഏല്‍ക്കേണ്ടിവന്നതായി യുവതി. അര്‍മേനിയയില്‍നിന്ന് ജോര്‍ജിയയിലേക്കെത്തിയ 56 ഇന്ത്യക്കാര്‍ക്ക് ദുരനുഭവം ഉണ്ടായെന്നാണ് ധ്രുവീ പട്ടേല്‍ എന്ന യുവതിയുടെ വെളിപ്പെടുത്തല്‍. ഇ-വിസ ഉള്‍പ്പെടെ രേഖകള്‍ ഉണ്ടായിരുന്നിട്ടും സദാഖ്‌ലോ അതിര്‍ത്തിയില്‍ തടയപ്പെട്ടു. കൊടുംതണുപ്പില്‍ മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് നേരിടേണ്ടിവന്നത്. യാത്രാ സംഘത്തെ കന്നുകാലികളെ പോലെയാണ് പരിഗണിച്ചത്. ഇത് നാണക്കേടാണ്, അംഗീകരിക്കാനാവില്ലെന്നും ധ്രുവീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
"കൊടുംതണുപ്പില്‍ അഞ്ച് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. ഭക്ഷണം നല്‍കിയില്ല, ശുചിമുറിയും അനുവദിച്ചില്ല. പാസ്പോര്‍ട്ടുകള്‍ രണ്ട് മണിക്കൂറിലധികം പിടിച്ചുവെച്ചു, കൃത്യമായ വിവരങ്ങളും നല്‍കിയില്ല. കന്നുകാലികളെപ്പോലെ നടപ്പാതയില്‍ കുത്തിയിരിക്കാന്‍ നിര്‍ബന്ധിതരായി. ക്രിമിനലുകള്‍ എന്നപോലെ എല്ലാവരുടെയും വീഡിയോ പകര്‍ത്തി. ഇതെല്ലാം ചിത്രീകരിക്കാന്‍ ശ്രമിച്ച ഞങ്ങളെ തടഞ്ഞു. രേഖകളൊന്നും നോക്കാതെ തന്നെ, വിസ തെറ്റാണെന്ന് പറയുകയായിരുന്നു. ഇങ്ങനെയാണ് ജോര്‍ജിയ ഇന്ത്യക്കാരെ പരിഗണിക്കുന്നത്. അപമാനകരം, അംഗീകരിക്കാനാവാത്തത്." - ധ്രുവീ ഇന്‍സ്റ്റയിലെ കുറിപ്പില്‍ പറയുന്നു.
വിഷയത്തില്‍ ഇന്ത്യ കടുത്ത നടപടി സ്വീകരിക്കണമെന്ന തലക്കെട്ടോടെയാണ് ധ്രുവീയുടെ കുറിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കര്‍, വിദേശ മന്ത്രാലയം, ഇന്ത്യന്‍ എംബസി എന്നിവരെ ടാഗും ചെയ്തിട്ടുണ്ട്. കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കും കാരണമായി. നിരാശപ്പെടുത്തുന്ന കാര്യമാണെന്നും, ജോര്‍ജിയ സന്ദര്‍ശന പദ്ധതി റദ്ദാക്കുകയാണെന്നും ചിലര്‍ പ്രതികരിച്ചു. അതേസമയം, കഴിഞ്ഞവര്‍ഷം ജോര്‍ജിയ സന്ദര്‍ശിച്ചപ്പോള്‍ നല്ല അനുഭവങ്ങളാണ് ഉണ്ടായതെന്നാണ് ഒരാളുടെ പ്രതികരണം. ഒരാഴ്ചക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് പുറത്തുവരുന്നതെന്നും പ്രതികരണമുണ്ട്.