
കാലിഫോർണിയ: 18 ദിവസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ശുഭാൻഷു ശുക്ലയും സംഘവും ഭൂമിയിലേക്ക് മടങ്ങുന്നു. സ്പേസ് എക്സ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ നിന്നും വിജയകരമായി അൺഡോക്ക് ചെയ്തു. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കാലിഫോർണിയക്ക് സമീപം പസഫിക് സമുദ്രത്തിലാണ് പേടകം സ്പ്ലാഷ് ഡൗൺ ചെയ്യുക.
അണ്‍ഡോക്ക് ചെയ്യുന്നതിനുമുൻപായി പേടകത്തിന്റെ വാതില്‍ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മടക്ക യാത്രയ്ക്ക് മുന്നോടിയായി ശുഭാൻഷുവിനും സംഘത്തിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യാത്രയയപ്പ് നൽകി. രണ്ടാഴ്ചത്തെ ബഹിരാകാശ ജീവിതം അവിശ്വസനീയമായിരുന്നുവെന്നും ദൗത്യത്തിലുള്‍പ്പെട്ട എല്ലാവര്‍ക്കുമാണ് അതിനുള്ള ക്രെഡിറ്റ് നല്‍കുന്നതെന്നും ശുഭാൻഷു ശുക്ല പറഞ്ഞു.
നാളെ കാലിഫോർണിയ തീരത്തിനടുത്ത് പസിഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം വീഴും. തുടർന്ന് യാത്രികരെ സ്പേസ്എക്സ് കപ്പലിലേറ്റി തീരത്തേക്കു കൊണ്ടുപോകും. പെഗ്ഗി വിറ്റ്സൻ, സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ടിബോർ കപു എന്നിവരും ശുഭാൻഷു ശുക്ലയ്ക്കൊപ്പം മടങ്ങിയെത്തും. ഭൂമിയിൽ തിരിച്ചെത്തിയാൽ പിന്നെ ഒരാഴ്ച വിശ്രമമായിരിക്കും. ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തു നിന്നെത്തി ഭൂമിയിലെ ഗുരുത്വബലം ഉൾപ്പെടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാണ് ഈ വിശ്രമം.
ജൂണ്‍ 25-നാണ് ആക്‌സിയം-4 ദൗത്യം ഫ്ലോറിഡയിലെ കെനഡി സ്പേസ് സെൻ്ററിൽ നിന്ന് പറന്നുയർന്നത്. ജൂൺ 26ന് നാലംഗ സംഘം ബഹിരാകാശ നിലയത്തിലെത്തി. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ് ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ശുഭാൻഷുവായിരുന്നു മിഷൻ പൈലറ്റ്.
ഐഎസ്ആർഒയുടെ നിർദേശപ്രകാരം കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ഏഴ് പരീക്ഷണങ്ങളാണ് ശുഭാൻഷു ബഹിരാകാശത്ത് നടത്തിയത്. ഉലുവയും ചെറുപയറും മുളപ്പിച്ചുവെന്നാണ് ആക്‌സിയം സ്‌പേസ് അറിയിക്കുന്നത്. ഇന്ത്യയിൽ നിന്ന് കൊണ്ടുപോയ വിത്തുകളുടെ പഠനത്തിലാണ് ശുഭാൻഷു കൂടുതൽ സമയം ചെലവഴിച്ചത്.
പെട്രി ഡിഷുകളില്‍ വിത്തുകള്‍ സൂക്ഷിക്കുന്നതിന്റെയും മുളയ്ക്കുന്ന വിത്തുകള്‍ ഒരു സ്റ്റോറേജ് ഫ്രീസറില്‍ സീക്ഷിക്കുന്നതിന്റെയും ഫോട്ടോ എടുത്തിരുന്നതായി പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിത്തുകള്‍ മുളയ്ക്കുന്നതിനും സസ്യത്തിന്റെ വളര്‍ച്ചയ്ക്കും ഭൂഗുരുത്വാകര്‍ഷണം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് കണ്ടെത്തുന്നതിനാണ് ഈ പരീക്ഷണം നടത്തുന്നത്.
14 ദിവസംകൊണ്ട് 60 പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് മടങ്ങിവരിക എന്നതായിരുന്നു നാല് പേര്‍ ഉള്‍പ്പെട്ട ആക്‌സിയം ദൗത്യത്തിന്റെ ലക്ഷ്യം. ജൂണ്‍ 26നാണ് ശുഭാന്‍ഷു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.