

കാരക്കാസ്: ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് എട്ട് ദിവസങ്ങള്‍ക്കു ശേഷം ഉയര്‍ത്തെഴുന്നേറ്റ അത്ഭുത മനുഷ്യന്‍! വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിന്റെ നടുക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആശ്വാസകരമായ വാര്‍ത്ത വരുന്നത്.
ഭൂകമ്പം നടന്ന് എട്ടാം നാളും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തിനിടയിലാണ് സന്തോഷിപ്പിക്കുന്ന ആ വാര്‍ത്ത എത്തിയത്. കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കു നേരെ അയാള്‍ പ്രതീക്ഷയോടെ കൈ നീട്ടി.
43 കാരനായ ഹെര്‍നാന്‍ ഗില്ലിനോടാണ് ദുരന്തങ്ങള്‍ക്കിടയിലും പ്രകൃതി കരുണ കാണിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഹെര്‍നാന്‍ ഗില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ എവിടെയെങ്കിലും ജീവന്റെ തുടിപ്പ് ബാക്കിയുണ്ടോ എന്ന് അന്വേഷിച്ചവര്‍ എങ്ങനെയോ ഗില്ലിന് അടുത്ത് എത്തുകയായിരുന്നു.
തകര്‍ന്നടിഞ്ഞ ഏഴ് നില കെട്ടിടത്തിനടിയിലായിരുന്നു ഗില്‍ ഉണ്ടായിരുന്നത്. ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ച തീരദേശ മേഖലയായ കാറ്റിയ ല മാര്‍ എന്ന സ്ഥലത്തായിരുന്നു ഗില്‍ ജോലി ചെയ്തിരുന്നത്. മൂന്ന് ദിവസം മുമ്പ് ഗില്ലിനെ കണ്ടെത്തിയതോടെ, അദ്ദേഹത്തെ പുറത്തെടുക്കാനുള്ള പരിശ്രമവും ആരംഭിച്ചു. വെനസ്വേലയ്ക്ക് പുറമെ, ചിലി, യുഎസ്, പോര്‍ച്ചുഗല്‍, കോസ്റ്ററിക്ക, എല്‍ സാവദോര്‍, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലുള്ളവരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഭര്‍ത്താവിനെ ജീവനോടെ തിരിച്ചു കിട്ടണേ എന്ന പ്രാര്‍ത്ഥന സഫലമായി എന്നായിരുന്നു ഭാര്യ ഗുസ്ബിമര്‍ ഗോണ്‍സാലസിന്റെ പ്രതികരണം.
ഏഴ് നില കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ ഉണ്ടായിരുന്ന സുരക്ഷാ ക്യാബിനിലായിരുന്നു ഗില്‍ ഉണ്ടായിരുന്നത്. ക്യാബിന്‍ കണ്ടെത്തിയെങ്കിലും ഗില്ലിനെ ഉടനെ പുറത്തെടുക്കാന്‍ കഴിയുന്ന അവസ്ഥയായിരുന്നില്ല. ഒടുവില്‍ മൂന്ന് മീറ്റര്‍ നീളമുള്ള തുരങ്കമുണ്ടാക്കി. ഈ തുരങ്കത്തിലൂടെ ഓക്‌സിജന്‍ ട്യൂബും വെള്ളവും എത്തിച്ചു.
ഒരു മനുഷ്യന് വേണ്ടി പല രാജ്യങ്ങളിലുള്ളവര്‍ ദിവസങ്ങളോളം ക്ഷമയോടെ തുടര്‍ന്ന രക്ഷാപ്രവര്‍ത്തനം അങ്ങനെ വിജയകരമായി പൂര്‍ത്തിയാക്കാനായി. ഭൂകമ്പത്തില്‍ ഉറ്റവരെ കാണാതായ മറ്റ് പലര്‍ക്കും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന വാര്‍ത്ത കൂടിയാണിത്.
കഴിഞ്ഞയാഴ്ച വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ 60,000 കെട്ടിടങ്ങള്‍ പൂര്‍ണമായി തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2,295 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. 11,000 പേര്‍ക്ക് പരിക്കേറ്റു. 13,000 പേര്‍ക്ക് വീടുകള്‍ നഷ്ടമായി. ഇനിയും നിരവധി പേരെ കണ്ടെത്താനുള്ളതിനാല്‍ മരണ സംഖ്യ 5000 കടക്കുമെന്നാണ് കരുതുന്നത്.
ദുരന്ത വാര്‍ത്തകള്‍ക്കിടയിലാണ് ഹെര്‍നാന്‍ ഗില്ലിനെ പോലുള്ളവര്‍ ആശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത്. ആറ് ദിവസങ്ങള്‍ക്ക് ശേഷം മൂന്ന് വയസ്സുകാരനെ ജീവനോടെ കണ്ടെത്തിയ വാര്‍ത്തയും കഴിഞ്ഞ ദിവസം വന്നിരുന്നു. ലാ ഗൈ്വറയിലെ തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ നിന്നാണ് മൊറാന്‍ എന്ന കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്. ആറ് ദിവസം വിശപ്പും ദാഹവും സഹിച്ച് കെട്ടിടങ്ങള്‍ക്കിടയില്‍ കഴിഞ്ഞ കുഞ്ഞിന്റെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.