'നമ്മുടെ AI മന്ത്രി ഗര്‍ഭിണിയാണ്, 83 കുട്ടികളുണ്ടാകും'; വിചിത്ര പ്രഖ്യാപനവുമായി അല്‍ബേനിയന്‍ പ്രധാനമന്ത്രി

കഴിഞ്ഞ സെപ്റ്റംബറിലാണ് ഡിയെല്ല എന്ന് പേരിട്ട എഐ മന്ത്രിയെ എഡി റാമ മന്ത്രിസഭയിലെത്തിച്ചത്
എഐ മന്ത്രി ഡിയെല്ല, അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ
എഐ മന്ത്രി ഡിയെല്ല, അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ Image: X
Published on
Updated on

ന്യൂഡല്‍ഹി: ലോകത്തിലെ ആദ്യത്തെ എഐ മന്ത്രിയെ നിയമിച്ച് അല്‍ബേനിയന്‍ പ്രധാനമന്ത്രി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ എഐ മന്ത്രി ഗര്‍ഭിണിയാണെന്ന വിചിത്ര പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി എഡി റാമ. കഴിഞ്ഞ സെപ്റ്റംബറിലാണ് ഡിയെല്ല എന്ന് പേരിട്ട എഐ മന്ത്രിയെ എഡി റാമ മന്ത്രിസഭയിലെത്തിച്ചത്.

അഴിമതിക്കെതിരായ പോരാട്ടവും രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്നതും ലക്ഷ്യമിട്ടായിരുന്നു നിയമനം. സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റിലെ ഓരോ അംഗത്തിനും ഒരു സഹായി എന്ന നിലയില്‍ '83 കുട്ടികളെ' സൃഷ്ടിക്കാനുള്ള പദ്ധതിയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

എഐ മന്ത്രി ഡിയെല്ല, അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ
ലക്ഷ്യം അഴിമതിക്കെതിരായ പോരാട്ടം; 'എഐ' മന്ത്രിയെ നിയമിച്ച് അൽബേനിയ

ബെര്‍ലിനില്‍ നടന്ന ആഗോള സംവാദത്തിലാണ് എഡി റാമയുടെ പ്രഖ്യാപനം. ഡിയെല്ലയിലൂടെ വലിയ വെല്ലുവിളിയാണ് അല്‍ബേനിയ സ്വീകരിച്ചതെങ്കിലും നല്ല രീതിയില്‍ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നു. ഇപ്പോള്‍ 83 കുഞ്ഞുങ്ങളുമായി ഡിയല്ല ഗര്‍ഭിണിയാണ് എന്നായിരുന്നു എഡി റാമ പറഞ്ഞത്. പാര്‍ലമെന്റ് അംഗങ്ങളെ സഹായിക്കുകയാണ് ഈ '83 കുട്ടികളുടെ' ഉത്തരവാദിത്തം.

പാര്‍ലമെന്റില്‍ കൂടുതല്‍ എഐ അസിസ്റ്റന്റുകളെ കൊണ്ടുവരുന്നതിനെയാണ് എഐ മന്ത്രി ഗര്‍ഭിണിയാണെന്ന പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത്. പാര്‍ലമെന്റില്‍ നടക്കുന്ന ഓരോ കാര്യങ്ങളും എഐ അസിസ്റ്റന്റുകള്‍ രേഖപ്പെടുത്തകയും നിയമസഭാംഗങ്ങള്‍ക്ക് നഷ്ടപ്പെടുന്ന ചര്‍ച്ചകളെക്കുറിച്ചോ സംഭവങ്ങളെക്കുറിച്ചോ അവരെ അറിയിക്കുകയുമാണ് എഐ സഹായികളുടെ ജോലി.

എഐ മന്ത്രി ഡിയെല്ല, അൽബേനിയൻ പ്രധാനമന്ത്രി എഡി റാമ
ലൂവ്ര് മ്യൂസിയത്തിലെ മോഷണം: രണ്ട് പേർ അറസ്റ്റിൽ

എഐ മന്ത്രിയായ ഡിയെല്ലയുടെ മേല്‍നോട്ടത്തിലാകും ഈ അസിസ്റ്റന്റുകള്‍ പ്രവര്‍ത്തിക്കുക. അതിനാല്‍ ഡിയെല്ല ഇവരുടെ 'മാതാവ്' ആകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 83 പേരും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ സഹായികളായി പ്രവര്‍ത്തിക്കും. ഓരോ കാര്യങ്ങളുടേയും രേഖകള്‍ സൂക്ഷിക്കുകയും അംഗങ്ങളെ അറിയിക്കുകയും ചെയ്യും.

അടുത്ത വര്‍ഷം അവസാനത്തോടെ പദ്ധതി പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എഡി റാമ വ്യക്തമാക്കി. എഐ സഹായികളുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നതിനെ കുറിച്ച് ഉദാഹരണ സഹിതമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

ഏതെങ്കിലും ഒരംഗം കോഫി കുടിക്കാനായി പുറത്തു പോയാല്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ പാര്‍ലമെന്റില്‍ എന്തൊക്കെ നടന്നുവെന്നും മറുപടി പറയേണ്ടതുണ്ടെങ്കില്‍ അതിനെ കുറിച്ചും ഈ 'കുട്ടി' ഓര്‍മപ്പെടുത്തും.

അല്‍ബേനിയന്‍ ഭാഷയില്‍ 'ഡിയെല്ല' എന്ന പേരിനര്‍ഥം സൂര്യന്‍ എന്നാണ്. മന്ത്രിസഭയില്‍ മുഴുവന്‍ സമയ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ മന്ത്രിയാണ് ഡിയെല്ല. കോഡും കഴിവുമുള്ള മന്ത്രിയായിരിക്കുമെന്നാണ് ഡിയെല്ലയെ അവതരിപ്പിച്ച് കൊണ്ട് എഡി റാമ പറഞ്ഞത്. പരമ്പരാഗത അല്‍ബേനിയന്‍ വസ്ത്രധാരണത്തില്‍ സ്ത്രീയായിട്ടാണ് ഡിയെല്ലയെ അവതരിപ്പിച്ചത്.

അല്‍ബേനിയയുടെ ഇ-ഗവര്‍ണന്‍സ് പ്ലാറ്റ്ഫോമില്‍ വെര്‍ച്വല്‍ അസിസ്റ്റന്റായിരുന്ന എഐയെയാണ് മന്ത്രിയായി എഡി റാമ 'സ്ഥാനക്കയറ്റം' നല്‍കിയത്. ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഒരു ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഈ സംവിധാനം സഹായിക്കുന്നുണ്ട്.

പൊതു ടെന്‍ഡറുകളുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുക്കുന്നതിനും അവയെ 100 ശതമാനം അഴിമതി രഹിതമാക്കുന്നതിനുമുള്ള ഉത്തരവാദിത്തം ഡിയെല്ലയ്ക്കാണ്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് സമര്‍പ്പിക്കുന്ന ഓരോ പൊതു ഫണ്ടും തികച്ചും സുതാര്യമായിരിക്കുന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡിയെല്ലയിലൂടെ മനുഷ്യനല്ലാത്ത മന്ത്രിയെ ആദ്യമായി അവതരിപ്പിച്ച രാജ്യമാണ് അല്‍ബേനിയ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com