അൾജിയേഴ്സ്: തുടർച്ചയായ കാട്ടുതീ വനസമ്പത്തിലുണ്ടാക്കിയ നഷ്ടത്തിന് പരിഹാരം കാണാന്‍ രാജ്യവ്യാപകമായി പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് അള്‍ജീരിയ. മാർച്ച് മാസത്തിനകം, ഒരു ദശലക്ഷം തൈകൾ നടുകയാണ് ലക്ഷ്യം. ഇതിനായി ആരംഭിച്ച ക്യാംപെയ്നില്‍ വലിയ ജനപങ്കാളിത്തമാണുള്ളത്.
രാജ്യത്തെ 58 പ്രവിശ്യകളിലായി 685 മുനിസിപ്പാലിറ്റികളിലാണ് ആദ്യഘട്ടം തൈകൾ നട്ടത്.വനം-കൃഷി വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാംപെയ്നില്‍ സന്നദ്ധ സംഘടനകളും സേനാംഗങ്ങളും സാധാരണക്കാരും ഒരുപോലെ പങ്കാളികളായി. കുടുംബസമേതമാണ് പലരുമെത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുകയായിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം .
കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായ കാട്ടുതീയിൽ 1,20,000 ത്തിലധികം ഹെക്ടർ വനമാണ് അള്‍ജീരിയയില്‍ കത്തിനശിച്ചത്. ഇതുവഴിയുണ്ടായ സസ്യജാലങ്ങളുടെ നാശം കണക്കാക്കാവുന്നതിലും അപ്പുറമാണ്. മനുഷ്യഇടപെടല്‍ മൂലമുണ്ടാകുന്ന വനനശീകരണവും പ്രളയവും വനസമ്പത്തിലുണ്ടാക്കിയ നഷ്ടം വേറെ.
പൊതുജനപങ്കാളിത്തിലൂടെ ചെറുതെങ്കിലും പ്രശ്നത്തിന് പരിഹാരം കാണുകയെന്നതാണ് ക്യാംപെയ്ന്റെ ലക്ഷ്യം. മാർച്ച് അവസാനം വരെ തുടരുന്ന ക്യാംപെയ്ന്‍ വഴി ഒരുദശലക്ഷം മരത്തൈകൾ നട്ടുപിടിപ്പിക്കാനാണ് സംഘാടകരുടെ ശ്രമം.