റഷ്യൻ ഗേൾഫ്രണ്ടിനെ കാണാൻ തോക്കുമായി റഷ്യയിലെത്തി; അമേരിക്കൻ പൗരന് 5 വർഷം തടവു ശിക്ഷ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാണാൻ തോക്കുമായി റഷ്യയിലെത്തിയ അമേരിക്കൻ പൗരന് 5 വർഷം തടവ് ശിക്ഷ. ചാൾസ് വെയ്ൻ സിമർമൻ എന്നയാളാണ് കടൽമാർഗം നൗകയിൽ റഷ്യയിലെത്തിയതിനെ തുടർന്ന് അറസ്റ്റിലായത്.
സ്വയരക്ഷക്കായാണ് ആയുധം തൻ്റെ കൈയിൽ സൂക്ഷിച്ചതെന്നും റഷ്യൻ നിയമത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ചാൾസ് കോടതിയിൽ പറഞ്ഞു. 2024 ജൂലൈയിൽ നോർത്ത് കരൊലൈനയിൽ നിന്ന് പോർച്ചുഗലിലേക്കും തുടർന്ന് 2025 ജൂണിൽ മെഡിറ്ററേനിയൻ, കരിങ്കടലുകൾ വഴി സോച്ചിയിലെ തെക്കൻ തുറമുഖത്തും എത്തുകയായിരുന്നു സിമർമൻ.
റഷ്യയിലെ കാസാനിൽ ഉള്ള പെൺകുട്ടിയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടതായി കോടതിയിൽ വെളിപ്പെടുത്തിയ സിമർമാൻ അവരെ കാണാനായാണ് താൻ നൗകയിൽ റഷ്യയിലേക്കെത്തിയതെന്നും കോടതിയിൽ പറഞ്ഞു. എന്നാൽ, റഷ്യയിലേക്ക് വരുന്നതിന് മുമ്പ് രാജ്യത്തെ നിയമങ്ങളെ കുറിച്ച് പഠിക്കാൻ തയ്യാറായില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി ഇയാളെ 5 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു.

