ലോകത്ത് ആദ്യമായി ഒരു രാജ്യം മുഴുവനായി കുടിയേറ്റത്തിനൊരുങ്ങുകയാണ്. ദ്വീപ് രാഷ്ട്രമായ ടുവാലുവിലെ ജനങ്ങളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നത്. 25 വർഷത്തിനുള്ളിൽ രാജ്യം വെള്ളത്തിനടിയിലാകുമെന്ന പഠന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
പടിഞ്ഞാറൻ മധ്യ പസഫിക് സമുദ്രത്തിലെ മനോഹരമായ ദ്വീപ് രാഷ്ട്രമാണ് ടുവാലു. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ താങ്ങാനാകാതെയാണ് രാജ്യം കുടിയേറ്റത്തിനൊരുങ്ങുന്നത്. ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ടുവാലുവിൽ പകുതിയിലധികവും പവിഴപ്പുറ്റുകളാണ്.
വെറും 12,000ത്തോളം ജനസംഖ്യയുള്ള ഈ രാജ്യം ഓസ്ട്രേലിയയിലേക്കാണ് കുടിയേറാനൊരുങ്ങുന്നത്. സമുദ്ര നിരപ്പ് ഉയരുന്നതിനാൽ സമീപ ഭാവിയിൽ രാജ്യം കടലിലാഴ്ന്ന് പോകാനുള്ള സാധ്യത കണക്കിലെടുത്താണ് നീക്കം. ഓരോ വർഷവും തീരം കടലെടുക്കുന്ന തോത് കൂടിക്കൂടി വരികയാണ്. നിലവിൽ തീരം കടലെടുക്കുന്ന തോത് തുടർന്നാൽ 2050 ആകുമ്പോഴേക്കും രാജ്യത്തെ ഭൂരിഭാഗം കരയും വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോർട്ടുകൾ.
കാലാവസ്ഥ വിസയുടെ അടിസ്ഥാനത്തിലാണ് ടുവാലുവിലെ ജനങ്ങൾ സ്ഥിരമായി ഓസ്ട്രേലിയയിലേക്ക് കുടിയേറാനൊരുങ്ങുന്നത്. 2024ൽ ഓസ്ട്രേലിയയും ടുവാലുവും ഒപ്പുവച്ച ഉഭയകക്ഷി കരാറിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. നിബന്ധനകൾ പ്രകാരം ഓരോ വർഷവും 280 പേരെ മാത്രമേ കുടിയേറ്റത്തിനായി തെരഞ്ഞെടുക്കൂ. ജനസംഖ്യയുടെ 40 ശതമാനം ഇതിനോടകം തന്നെ വിസയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്.