ആഗോള ഓഹരി വിപണിയിൽ വമ്പൻ പോരാട്ടം! മസ്‌കിന്റെ സ്പേസ് എക്സ്നെ പിന്നിലാക്കി ആന്ത്രോപിക്; ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ നടത്തി എഐ കമ്പനി

ക്ലോഡ് എഐ ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ ആന്ത്രോപിക് ഓഹരി വിപണിയിൽ നിന്ന് സമാഹരിച്ചത് 81.3 ബില്യൺ ഡോളറാണ്. ജൂണിൽ ഐപിഒയിലൂടെ 75 ബില്യൺ ഡോളർ സമാഹരിച്ച സ്പേസ് എക്സ്നെയാണ് കമ്പനി മറികടന്നത്.
ആഗോള ഓഹരി വിപണിയിൽ വമ്പൻ പോരാട്ടം! മസ്‌കിന്റെ സ്പേസ് എക്സ്നെ പിന്നിലാക്കി ആന്ത്രോപിക്; ചരിത്രത്തിലെ ഏറ്റവും വലിയ  ഐപിഒ നടത്തി എഐ കമ്പനി
Published on: 
Updated on: 

2026ലെ ആഗോള ഓഹരി വിപണിയിലെ ഏറ്റവും വലിയ പോരാട്ടത്തിൽ പുതിയ വിജയി. ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ്നെ പിന്നിലാക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ സ്വന്തമാക്കി. ക്ലോഡ് എഐ ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ ആന്ത്രോപിക് ഓഹരി വിപണിയിൽ നിന്ന് സമാഹരിച്ചത് 81.3 ബില്യൺ ഡോളറാണ്. ജൂണിൽ ഐപിഒയിലൂടെ 75 ബില്യൺ ഡോളർ സമാഹരിച്ച സ്പേസ് എക്സ്നെയാണ് കമ്പനി മറികടന്നത്. എന്നാൽ ഐപിഒയുടെ വലുപ്പം മാത്രമല്ല ഒരു കമ്പനിയുടെ വിജയം തീരുമാനിക്കുന്നത്. ഓഹരിയുടെ വിലയും വിപണിയിലെ പ്രകടനവും കൂടി പരിശോധിക്കുമ്പോൾ മത്സരം അത്ര ഏകപക്ഷീയമല്ല.

നവംബർ 18ന് ഒരു ഓഹരിക്ക് 83 ഡോളർ എന്ന നിരക്കിലാണ് ആന്ത്രോപിക് ഐപിഒ നിശ്ചയിച്ചത്. തുടക്കത്തിൽ പ്രതീക്ഷിച്ച 70 മുതൽ 78 ഡോളർ വരെയുള്ള വിലയേക്കാൾ കൂടുതലായിരുന്നു ഇത്. ഏകദേശം 98 കോടി ഓഹരികൾ വിറ്റഴിച്ചാണ് കമ്പനി 81.3 ബില്യൺ ഡോളർ സമാഹരിച്ചത്. അധിക ഓഹരികൾ കൂടി വിൽക്കാനുള്ള അവസരം പൂർണമായി ഉപയോഗിച്ചാൽ ഈ തുക 93.5 ബില്യൺ ഡോളറിലെത്തും. മറുവശത്ത്, ജൂണിൽ 135 ഡോളർ നിരക്കിൽ ഓഹരികൾ പുറത്തിറക്കിയ സ്പേസ് എക്സ് ഏകദേശം 75 ബില്യൺ ഡോളറാണ് സമാഹരിച്ചത്. അധിക ഓഹരി വിൽപ്പന കൂടി കണക്കിലെടുത്താൽ സ്പേസ് എക്സ്ന്റെ ആകെ സമാഹരണം ഏകദേശം 86 ബില്യൺ ഡോളറാണ്.

ആഗോള ഓഹരി വിപണിയിൽ വമ്പൻ പോരാട്ടം! മസ്‌കിന്റെ സ്പേസ് എക്സ്നെ പിന്നിലാക്കി ആന്ത്രോപിക്; ചരിത്രത്തിലെ ഏറ്റവും വലിയ  ഐപിഒ നടത്തി എഐ കമ്പനി
അമേരിക്കൻ സൈബർ കോട്ടയിൽ വിള്ളൽ? വൈറ്റ് ഹൗസ് സൈബർ സുരക്ഷാ മേധാവിയെ ട്രംപ് പുറത്താക്കി!

ഇരുകമ്പനികളുടെയും ബിസിനസ് രീതികളിലും വലിയ വ്യത്യാസമുണ്ട്. ആന്ത്രോപിക് പ്രധാനമായും എഐ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ലോഡ് എഐ മോഡലുകളും ക്ലോഡ് കോട് പോലുള്ള സേവനങ്ങളുമാണ് കമ്പനിയുടെ വളർച്ചയ്ക്ക് കരുത്താകുന്നത്. 2025ൽ കമ്പനിയുടെ വരുമാനം ഏകദേശം 4.6 ബില്യൺ ഡോളറിലെത്തി. എന്നാൽ എഐ മേഖലയിൽ മുന്നേറാൻ കമ്പനി വൻതോതിൽ പണം ചെലവഴിക്കുന്നുമുണ്ട്. 2026ന്റെ ആദ്യ പകുതിയിൽ മാത്രം കമ്പ്യൂട്ടിങ് സൗകര്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഏകദേശം 9 ബില്യൺ ഡോളർ ചെലവാക്കി. മറുവശത്ത് സ്പേസ് എക്സ് റോക്കറ്റ് വിക്ഷേപണം, സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ്, എഐ തുടങ്ങിയ മേഖലകളിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ആന്ത്രോപിക് എഐ വളർച്ചയെ നേരിട്ട് ആശ്രയിക്കുമ്പോൾ സ്പേസ് എക്സ് കൂടുതൽ വൈവിധ്യമാർന്ന ബിസിനസുകളുള്ള കമ്പനിയാണെന്ന് പറയാം.

ഐപിഒയുടെ വലുപ്പത്തിൽ ആന്ത്രോപിക് വിജയിച്ചെങ്കിലും ഓഹരികളുടെ ആദ്യദിന പ്രകടനത്തിൽ സ്പേസ് എക്സ് മികച്ചുനിന്നു. എഐ മേഖലയിലെ വൻ വളർച്ച ആന്ത്രോപികിന് വലിയ അവസരങ്ങൾ തുറക്കുന്നുണ്ടെങ്കിലും അതിനൊപ്പം ചെലവും മത്സരവും വെല്ലുവിളിയാണ്. ഓപൺ എഐ, ​ഗൂ​ഗിൾ, മെറ്റ തുടങ്ങിയ വമ്പൻ കമ്പനികളോടാണ് ആന്ത്രോപികിന്റെ മത്സരം. എഐ വികസനത്തിനായി ചെലവഴിക്കുന്ന ഭീമമായ തുക ലാഭമായി മാറ്റാൻ കമ്പനിക്ക് കഴിയുമോ എന്നതാണ് നിക്ഷേപകർ ഉറ്റുനോക്കുന്നത്. അതേസമയം, ആന്ത്രോപികിന്റെ ഐപിഒ മറ്റ് എഐ കമ്പനികൾക്കും ഓഹരി വിപണിയിലേക്ക് കടക്കാനുള്ള വഴിയൊരുക്കിയേക്കാം. ചുരുക്കത്തിൽ, ഐപിഒയിലൂടെ പണം സമാഹരിക്കുന്നതിൽ ആന്ത്രോപിക് മുന്നിലെത്തിയപ്പോൾ വിപണിയിലെ ആദ്യദിന പ്രകടനത്തിൽ സ്പേസ് എക്സ് ശക്തമായ മത്സരം കാഴ്ചവെച്ചു.