കഴിഞ്ഞ വർഷം രാജ്യത്തുണ്ടായ രണ്ട് ജൂതവിരുദ്ധ അതിക്രമങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന കണ്ടെത്തലിന് പിന്നാലെ ഇറാനിയൻ പ്രതിനിധിയെ പുറത്താക്കാനൊരുങ്ങി ഓസ്ട്രേലിയ. സിഡ്നിയിലും മെൽബണിലും ഉണ്ടായ അക്രമങ്ങൾക്ക് പിന്നിൽ ഇറാനാണെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു. അതേസമയം ഓസ്ട്രേലിയൻ നടപടി ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണെന്ന് ഇറാൻ പ്രതികരിച്ചു
സമൂഹത്തിൽ ഭിന്നതയുടെ വിത്ത് വിതയ്ക്കാനുള്ള ശ്രമമാണ് ഇറാൻ നടത്തുന്നതെന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ക്യാൻബറയിലെ ഇറാനിയൻ അംബാസഡർ അഹ്മദ് സാദേഘിയോടും മറ്റ് മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരോടും 7 ദിവസത്തിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ 20 ന് സിഡ്നിയിലെ ലൂയിസ് കോണ്ടിനെന്‍റൽ കിച്ചൻ എന്ന കഫേയിലും ഡിസംബർ 6 ന് മെൽബണിലെ അഡാസ്സ് ഇസ്രയേൽ സിനഗോഗിലും ഉണ്ടായ ആക്രമണങ്ങളാണ് നടപടിക്ക് ആധാരം.
1960 കളിൽ ഹോളോകോസ്റ്റ് അതിജീവിതരായ യഹൂദർ നിർമിച്ചതാണ് മെൽബണിലെ സിനഗോഗ്. ഈ സിനഗോഗിന് തീയിടുകയാണ് ഉണ്ടായത്. രണ്ട് മുഖംമൂടി ധാരികൾ സിനഗോഗിൽ കടന്ന് മണ്ണെണ്ണ പോലെയുള്ള ദ്രാവകം ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തോറ ചുരുളുകളടക്കം യഹൂദരുടെ വിശുദ്ധ ഗ്രന്ഥങ്ങളും കത്തിനശിച്ചു. പ്രാർത്ഥനയിൽ ഏർപ്പെട്ടിരുന്നവർ പരിക്കുകകളോടെ രക്ഷപ്പെട്ടു. 2024 ഒക്ടോബർ 20 ന് ജൂത കഫേയിലും തീവെയ്പാണുണ്ടായത്. 1 മില്യൺ ഡോളറിന്‍റെ നാശനഷ്ടമുണ്ടായി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ഒരു രാജ്യത്തിന്‍റെ അംബാസഡറെ പുറത്താക്കുന്നതെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ് പറഞ്ഞു. പുറത്താക്കപ്പെട്ട അംബാസഡർ അഹ്മദ് സാദേഘിന് അക്രമ സംഭവങ്ങളുമായി ബന്ധമൊന്നുമുള്ളതായി കണ്ടെത്തിയിട്ടില്ല. ഇറാനുമായി ചില നയതന്ത്ര ബന്ധങ്ങൾ തുടരുമെങ്കിലും ഓസ്ട്രേലിയയിലെ എംബസി പ്രവർത്തനം സുരക്ഷ കണക്കിലെടുത്ത് അവസാനിപ്പിച്ചതായും വോങ് പറഞ്ഞു.
ഓസ്ട്രേലിയൻ പൗരരർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്നും അവിടെയുള്ളവർ രാജ്യം വിടണമെന്നും അവർ ആവശ്യപ്പെട്ടു. ഇറാനിലെ നയതന്ത്ര പ്രതിനിധികളെ ഓസ്ട്രേലിയ പിൻവലിച്ചിട്ടുമുണ്ട്. അതേസമയം ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. ഓസ്ട്രേലിയയുടെ ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളാണ് നടപടിക്ക് പിന്നിലെന്ന് ഇറാനിയൻ വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു.