
ഖത്തറില്‍ വെച്ച് നടക്കുന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ ഇസ്രയേലിന് രൂക്ഷ വിമര്‍ശനം. ഇസ്രയേല്‍ നടപടി നിര്‍ലജ്ജാകരവും വഞ്ചനാത്മകവും ഭീരുത്വം നിറഞ്ഞതുമാണെന്ന് അറബ് ഉച്ചകോടിക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കവെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു. ഖത്തറിലെ ഹമാസ് നേതാക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തിന് പിന്നാലെയാണ് അടിയന്തരമായി ഉച്ചകോടി വിളിച്ചു ചേര്‍ത്തതെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കി.
ഗാസയ്‌ക്കെതിരെ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമമാണ് ഖത്തര്‍ നടത്തുന്നത്. ഇസ്രയേലും ഹമാസും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് സഹോദര രാജ്യമായ ഈജിപ്തിന്റെയും യുഎസിന്റെയും സഹായത്തോടെ ചില നേട്ടങ്ങള്‍ ഉണ്ടാക്കാനായിട്ടുണ്ട്. അതുവഴി തടവിലാക്കപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്താനും സാധിച്ചിട്ടുണ്ടെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തറിന് പൂര്‍ണ ഐക്യം പ്രഖ്യാപിക്കുന്നുവെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപറേഷന്‍ സെക്രട്ടറി ജനറല്‍ ഹിസേയ്ന്‍ ഇബ്രാഹിം താഹ പറഞ്ഞു. ഇസ്രയേലിന്റെ ക്രൂരമായ നടപടിക്കെതിരെ നിലപാട് എടുക്കാനുള്ള അവസരമാണ് ഉച്ചകോടി വഴി വന്നു ചേര്‍ന്നിരിക്കുന്നത്. ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ അപലപിക്കുന്നുവെന്നും ഇബ്രാഹിം താഹ പ്രതികരിച്ചു.
ഇസ്രയേലിന്റെ ക്രൂരമായ ആക്രമണങ്ങളില്‍ മൗനം മതിയാക്കണമെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബൂല്‍ ഘെയ്ത്ത് പറഞ്ഞു. ഇസ്രയേല്‍ എല്ലാ പരിധിയും ലംഘിച്ചെന്ന് ഈജിപ്ത് പ്രസിഡന്റ് അബ്ദേല്‍ ഫത്ത എല്‍ സിസി പറഞ്ഞു. രാജ്യങ്ങളുടെ നിയമങ്ങളെയും പരാമധികാരത്തെയും ഇസ്രയേല്‍ മാനിക്കണമെന്നും ഈജിപ്ത് പ്രസിഡന്റ് പറഞ്ഞു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇസ്രയേലിന്റെ നടപടി എല്ലാ തരത്തിലുമുള്ള നയതന്ത്രപരവും സൈനികപരവുമായ പരിധികള്‍ ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദോഹക്ക് നേരെയുണ്ടായ അതിക്രമം ഇസ്രയേല്‍ വലിയ ഒരു ഭീഷണിയാണെന്നതിന്റെ നേര്‍സാക്ഷ്യമാണെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ പറഞ്ഞു.
ഏതൊരു അറബ് അല്ലെങ്കില്‍ ഇസ്ലാമിക് രാജ്യത്തിനുമെതിരെ വരുന്ന ആക്രമണങ്ങളെ ചെറുക്കാന്‍ നാറ്റോ മോഡല്‍ കളക്ടീവ് സുരക്ഷ റെസ്‌പോണ്‍സ് വേണമെന്നാണ് ഉച്ചകോടിയില്‍ ഇറാഖ് പ്രധാനമന്ത്രി പറഞ്ഞത്. ഏതൊരു അറബ് രാജ്യത്തിന് മേലുള്ള അതിക്രമവും എല്ലാ അറബ് രാജ്യങ്ങള്‍ക്കുമെതിരെയുള്ള ആക്രമമാണെന്ന നില വരണമെന്നാണ് ഉദ്ദേശിക്കുന്നതെന്നും ഷിയ അല്‍ സുഡാനി പറഞ്ഞു.
ഇസ്രയേലി ഉദ്യോഗ്സ്ഥരില്‍ അത്യാഗ്രികളായ രക്തക്കൊതിയുള്ള മനസുള്ളവര്‍ ആണ് ഉള്ളതെന്നും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ പറഞ്ഞു. ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം ഞങ്ങള്‍ക്കെതിരെയും നേരിട്ടുള്ള ഭീഷണിയാണെന്നും തുര്‍ക്കി പറഞ്ഞു. ഏത് സഹോദര രാജ്യത്തിനുമെതിരായ ആക്രമണവും തങ്ങള്‍ക്കെതിരായ ആക്രമണമാണെന്ന് ലെബനന്‍ പ്രസിഡന്റ് പറഞ്ഞു.
നിര്‍ണായക ഉച്ചകോടിക്ക് മുന്നോടിയായി അറബ്, ഇസ്‌ലാമിക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം ഇന്നലെ നടന്നിരുന്നു. ഖത്തറിനോടുള്ള അറബ്, ഇസ്‌ലാമിക് രാജ്യങ്ങളുടെ ഐക്യവും ഇസ്രയേല്‍ ഭീകരതയോടുള്ള വിയോജിപ്പും ഉച്ചകോടിയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കില്‍ ആക്രമണം തുടരുമെന്ന് ഖത്തറിന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഖത്തര്‍ ഉച്ചകോടി നടത്താന്‍ തീരുമാനമെടുത്തത്.