നാസയുടെ ആർട്ടെമിസ് 2 ദൗത്യത്തിന് ഇന്ന് നിർണായക ദിനമാണ്. ദൗത്യത്തിൻ്റെ ചന്ദ്രനിലേക്കുള്ള യാത്ര ഇന്ന് തുടങ്ങും. ഇന്ത്യൻ സമയം രാത്രി 10 മണിയോടെയാണ് യാത്ര ആരംഭിക്കുക. നാളെ പുലർച്ചെ നാല് മണിയോടെ ഓറിയോൺ ചന്ദ്രന് ഏറ്റവും അടുത്തെത്തും. ഒരു ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷമാണ് പേടകം സഞ്ചാരപഥം മാറ്റി ചന്ദ്രനിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ചന്ദ്രനെ വലം വെയ്ക്കുന്നതാണ് ദൗത്യത്തിൻ്റെ അടുത്ത ഘട്ടം.
ഇന്ന് രാത്രി ബഹിരാകാശയാത്രികർ ചന്ദ്രനു പിന്നിലൂടെ കടന്നുപോകുമ്പോൾ, ബഹിരാകാശ പേടകത്തിനും ഭൂമിക്കും ഇടയിൽ മുന്നോട്ടും പിന്നോട്ടും ആശയവിനിമയം അനുവദിക്കുന്ന റേഡിയോ, ലേസർ സിഗ്നലുകളെ ചന്ദ്രൻ തന്നെ തടയും. അങ്ങനെ പേടകത്തിന് ഭൂമിയുമായുള്ള ബന്ധം നഷ്ടമാകും. നാസയുടെ വിലയിരുത്തൽ അനുസരിച്ച് ഏകദേശം 40 മിനിറ്റ് സമയം ആശയവിനിമയം നടത്താൻ സാധിക്കില്ല.
ഏപ്രിൽ രണ്ട് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.06 ന് ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നുമാണ് ആർട്ടിമെസ് 2 വിജയകരമായി വിക്ഷേപിച്ചത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യം ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്റെ വീണ്ടും ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമിട്ടാണ് ആർട്ടെമിസ് 2 ദൗത്യം ആരംഭിച്ചത്.
ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ SLS ഉപയോഗിച്ചാണ് കുതിച്ചുയര്‍ന്നത്. മിഷന്‍ കമാന്‍ഡര്‍ റീഡ് വൈസ്മാന്‍, പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാന്‍സന്‍ എന്നീ നാലംഗ സംഘമാണ് ഒറയോണ്‍ പേടകത്തില്‍ യാത്ര തിരിച്ചത്. ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ മടങ്ങിപ്പോക്കിന് അടിത്തറയിടുന്ന ഈ ദൗത്യം ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് തുടക്കം കുറിച്ചത്.