ചന്ദ്രനെ കണ്ട് അവര്‍ മടങ്ങി വരികയാണ്; ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചുവരുന്നു

സാന്‍ ഡീഗോ തീരത്ത് നാളെ പുലര്‍ച്ചയോടെ സ്പ്ലാഷ് ഡൗണ്‍ നടക്കും
ചന്ദ്രനെ കണ്ട് അവര്‍ മടങ്ങി വരികയാണ്; ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചുവരുന്നു
Image: NASA
Published on
Updated on

പത്ത് ദിവസത്തെ ചരിത്രപരമായ ദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 മടങ്ങി വരികയാണ്. ഏപ്രില്‍ 11 സംഘം ഭൂമിയില്‍ തിരിച്ചെത്തും. ചന്ദ്രനെ വലംവെച്ച ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചതായി നാസ അറിയിച്ചു.

ആര്‍ട്ടെമസിന്റെ ബഹിരാകാശത്തെ അവസാന ദിവസമായിരിക്കും ഇന്ന് എന്ന് നാസ വ്യക്തമാക്കി. നിലവില്‍ ഓറിയോണ്‍ പേടകം ഏഴാം ഘട്ടത്തിലാണ്. സാന്‍ ഡീഗോ തീരത്ത് നാളെ പുലര്‍ച്ചയോടെ സ്പ്ലാഷ് ഡൗണ്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മടക്കയാത്രയുടെ തുടക്കം

ചന്ദ്രനെ ചുറ്റിയുള്ള യാത്രയ്ക്ക് ശേഷം ഓറിയോണ്‍ പേടകം സര്‍വീസ് മോഡ്യൂളിലെ എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടക്കും. ഭൂമിയുടെ ഗുരുത്വാകര്‍ഷണ വലയത്തിലേക്ക് ലക്ഷ്യം വെച്ചുള്ള അതിവേഗ യാത്രയാണിത്.

അതിവേഗമുള്ള പ്രവേശനം

ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പേടകത്തിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 40,000 കിലോമീറ്ററായിരിക്കും. അന്തരീക്ഷവുമായുള്ള ഘര്‍ഷണം കാരണം പേടകത്തിന്റെ പുറംഭാഗത്തെ താപനില 2,760 ഡിഗ്രീ സെല്‍ഷ്യസ് വരെ ഉയരാം. ഇതിനെ പ്രതിരോധിക്കാന്‍ അത്യാധുനിക ഹീറ്റ് ഷീല്‍ഡ് ഓറിയോണിലുണ്ട്.

സ്‌കിപ്പ് എന്‍ട്രി

ഒരു കല്ല് വെള്ളത്തിന് മുകളിലൂടെ തെന്നി നീങ്ങുന്നത് പോലെ, പേടകം അന്തരീക്ഷത്തിന്റെ മുകള്‍ പാളിയില്‍ തട്ടി ഒന്ന് ഉയര്‍ന്ന് പൊങ്ങിയ ശേഷം വീണ്ടും താഴേക്ക് ഇറങ്ങും. ഇത് ലാന്‍ഡിങ് കൃത്യമാക്കാനും യാത്രികര്‍ അനുഭവിക്കുന്ന സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും.

പേടകം ഭൂമിക്ക് ഏകദേശം 25,000 അടി ഉയരത്തിലെത്തുമ്പോള്‍ പാരഷൂട്ടുകള്‍ ഓരോന്നായി തുറന്നു തുടങ്ങും. ആദ്യം ചെറിയ പാരഷൂട്ടുകള്‍ വിടര്‍ത്തി വേഗത കുറയ്ക്കും. ഒടുവില്‍ പ്രധാന മൂന്ന് കൂറ്റന്‍ പാരഷൂട്ടുകള്‍ കൂടി ഉയരുന്നതോടെ പേടകത്തിന്റെ വേഗത മണിക്കൂറില്‍ 30 കിലോമീറ്ററില്‍ താഴെയായി കുറയും.

സ്പ്ലാഷ് ഡൗണ്‍

സാന്‍ ഡീഗോ തീരത്ത് നാളെ പുലര്‍ച്ചയോടെ സ്പ്ലാഷ് ഡൗണ്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമുദ്രത്തില്‍ ഇറങ്ങുന്ന പേടകത്തെയും യാത്രികരെയും യുഎസ് നാവികസേനയുടെ കപ്പലുകളും ഹെലികോപ്റ്ററുകളും തയ്യാറായിരിക്കും. യാത്രികരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം പേടകം കപ്പലിലേക്ക് കയറ്റും.

ആര്‍ട്ടെമിസ് 2 ന്റെ മടങ്ങി വരവ് നാസ ലൈവ് ആയി സംപ്രേക്ഷണം ചെയ്യും. വെള്ളിയാഴ്ച രാത്രി എട്ടോടെ, (ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ അഞ്ചര) ആകും ദൗത്യ സംഘം ഭൂമിയില്‍ എത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com