47ാമത് ആസിയാൻ ഉച്ചകോടിക്ക്‌ ഇന്ന് കോലാംലംപൂരിൽ തുടക്കം; മോദി പങ്കെടുക്കുക ഓൺലൈനായി

യുഎസ്‌ പ്രസിഡൻ്റ് ഡൊണാൾഡ്‌ ട്രംപ്‌, ചൈനീസ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്.
asean summit 2025
Published on

കോലാംലംപൂർ: 47ാമത് ആസിയാൻ ഉച്ചകോടിക്ക്‌ ഇന്ന് മലേഷ്യയിൽ തുടക്കം. കോലാംലംപൂരിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ നടക്കുന്ന ഉച്ചകോടിയിൽ രണ്ട് ഡസനോളം ലോക നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായാണ് ചർച്ചയിൽ പങ്കെടുക്കുക. യുഎസ്‌ പ്രസിഡൻ്റ് ഡൊണാൾഡ്‌ ട്രംപ്‌, ചൈനീസ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരും പങ്കെടുക്കുമെന്ന് റിപ്പോർട്ടുണ്ട്.

എന്താണ് ആസിയാൻ? ആരാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്?

ബ്രൂണൈ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം എന്നീ 10 അംഗങ്ങളാണ് ആസിയാൻ രൂപീകരിച്ചിരിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസൻ്റേറ്റീവ് ഓഫീസിൻ്റെ റിപ്പോർട്ട് പ്രകാരം, ഈ രാജ്യങ്ങൾക്കെല്ലാം കൂടി 678 ദശലക്ഷം ജനസംഖ്യയും, 3.9 ട്രില്യൺ ഡോളറിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനവുമുണ്ട്.

ഈ വർഷം ആസിയാൻ പതിനൊന്നാമത്തെ അംഗമായി കിഴക്കൻ തിമോറിനെ ഉൾപ്പെടുത്തും. 2002ൽ ഇന്തോനേഷ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഈ രാജ്യത്ത് 1.4 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്. ആസിയാൻ ഉച്ചകോടിയോടൊപ്പം വർഷം തോറും കിഴക്കൻ ഏഷ്യ ഉച്ചകോടിയും നടക്കാറുണ്ട്. ആസിയാൻ രാജ്യങ്ങളായ യുഎസ്, ചൈന, ഇന്ത്യ, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയുടെ നേതാക്കളുടെ ഒത്തുചേരലാണിത്.

ഈ വർഷം ആരെല്ലാം പങ്കെടുക്കും?

ഈ വർഷം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി അൽബനീസ്, പുതുതായി നിയമിതനായ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി, ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് ലീ ജെയ് മ്യുങ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ എന്നിവർ പങ്കെടുക്കും. റഷ്യൻ ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക് മോസ്കോയെ പ്രതിനിധീകരിക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈൻ ആയാണ് പങ്കെടുക്കുക.

ആസിയാൻ, കിഴക്കൻ ഏഷ്യൻ ഉച്ചകോടി രാഷ്ട്രങ്ങളുടെ നേതാക്കൾക്ക് പുറമെ, ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ദക്ഷിണാഫ്രിക്കൻ പ്രസിഡൻ്റ് സിറിൽ റമാഫോസ എന്നിവരും ക്വാലാലംപൂരിൽ ഉണ്ടാകും. ലോക ബാങ്ക്, അന്താരാഷ്ട്ര നാണയ നിധി, അന്താരാഷ്ട്ര തൊഴിൽ സംഘടന, ഫിഫ എന്നിവയുടെ തലവന്മാരും ചില സെഷനുകളിൽ പങ്കെടുക്കുമെന്ന് മലേഷ്യയുടെ സംസ്ഥാന വാർത്താ ഏജൻസിയായ ബെർണാമ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com