പ്രകൃതി ദുരന്തത്തിൽ ഉലയുകയാണ് ഏഷ്യൻ രാജ്യങ്ങൾ. ശ്രീലങ്ക, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഹാ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 900 കടന്നു. മൂന്ന് രാജ്യങ്ങളിലുമായി 800 ലധികം പേരെ കാണാതായിട്ടുണ്ട്. ശ്രീലങ്കയിൽ ഡിറ്റ് വാ ചുഴലിക്കാറ്റിൽ 334 പേർ മരിച്ചതായാണ് ഇതുവരെയുള്ള സ്ഥിരീകരണം. സുനാമിക്ക് ശേഷം ശ്രീലങ്കയിൽ സംഭവിച്ച ഏറ്റവും വലിയ പ്രകൃതി ദുരന്തമാണിത്. ശക്തമായ കാറ്റിൽ ആയിരക്കണക്കിന് പേർക്ക് വീടും കൃഷിയും നഷ്ടമായി.
അതിതീവ്ര മഴ, പ്രളയം . നൂറ്റാണ്ടിൻ്റെ തന്നെ ഏറ്റവും ശക്തമായ മഴയ്ക്കാണ് ഏഷ്യൻ, തെക്കനേഷ്യൻ രാജ്യങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പേമാരിയും പ്രളയവും ഉരുൾപൊട്ടലും ശ്രീലങ്കയിൽ കനത്ത നാശം വിതച്ചത്. 300 ലധികം പേരെ കാണാതായി. 25,000 വീടുകൾ തകർന്നു. ഒരു ലക്ഷത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. 2004 ലെ സുനാമിക്ക് ശേഷം ശ്രീലങ്കയെ ബാധിച്ച ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്. 31,000 പേർക്കാണ് സുനാമിയിൽ ജീവൻ നഷ്ടമായത്.
കാലാവസ്ഥാ കെടുതികളെ തുടർന്ന് പ്രസിഡൻ്റ് അനുരകുമാര ദിസനായക രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് മൂന്നിലൊന്ന് പ്രദേശങ്ങളിലും വൈദ്യുതിയോ കുടിവെള്ളമോ ലഭ്യമല്ല. കെലാനി നദി കരകവിഞ്ഞൊഴുകി തലസ്ഥാനമായ കൊളംബോയുടെ ഭൂരിഭാഗവും വെള്ളത്തിനിടയിലായി. ശ്രീലങ്കയ്ക്ക് ഇന്ത്യൻ വ്യോമസേനയുടെ ഓപ്പറേഷൻ സാഗർബന്ധു ദൗത്യം സഹായമെത്തിച്ചു.
സെൻയാർ എന്ന അപൂർവ ഉഷ്ണമേഖലാ ചുഴലിക്കാറ്റിനെ തുടർന്ന് രൂക്ഷമായ മൺസൂൺ മഴ ഒരാഴ്ചയായി ഇന്തോനേഷ്യ, തായ് ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിൽ വലിയ നാശനഷ്ടം സൃഷ്ടിച്ചു. മൂന്ന് രാജ്യങ്ങളിലുമായി മരണം 900 കടന്നു. ഇന്തോനേഷ്യയിൽ 442 പേർക്ക് ജീവൻ നഷ്ടമായി. 420 പേരെ കാണാതായി. തായ് ലൻഡിൽ 162 പേരും മലേഷ്യയിൽ രണ്ട് പേരും മരിച്ചു.