
ഇസ്ലാമാബാദ്: കൂടിക്കാഴ്ചയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ അപൂര്‍വ ധാതുക്കള്‍ സമ്മാനമായി നല്‍കിയതില്‍ രാജ്യത്തിനകത്ത് പ്രതിഷേധം. ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപിന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ധാതുക്കള്‍ സമ്മാനിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവും പരിഹാസവും ഉയര്‍ന്നത്.
അസിം മുനീറിനെതിരെ സെനറ്റര്‍ അയ്മല്‍ വാലി ഖാന്‍ രംഗത്തെത്തിയിരുന്നു. ഒരു കടയുടമ വിലകൂടിയ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് കാണിച്ചുകൊടുക്കുന്ന പോലെയായിരുന്നു അസിം മുനീറിന്റെ പ്രവൃത്തിയെന്നാണ് അയ്മലിന്റെ പരിഹാസം.
'നമ്മുടെ സൈനിക ഉദ്യോഗസ്ഥന്‍ ഭൂമിയിലെ അപൂര്‍വ ധാതുക്കളടങ്ങിയ ബ്രീഫ്‌കേസുമായി ചുറ്റി നടക്കുകയാണ്. എന്തൊരു തമാശ! അദ്ദേഹത്തിന്റെ നടപടി അത്യധികം പരിഹാസ്യമാണ്,' അയ്മല്‍ ഖാന്‍ പാര്‍ലമെന്റില്‍ സംസാരിക്കവെ പറഞ്ഞു. പോകുന്നിടത്തെല്ലാം ഇതുപോലെ പെട്ടിയും ചുമന്ന് നടക്കുമോ എന്നും അയ്മല്‍ ചോദിച്ചു.
ഇത്തരം സംഭവങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തെ ദുര്‍ബലപ്പെടുത്തുകയും ഏകാധിപത്യപരമായ രീതികളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുവെന്നും അയ്മല്‍ വിമര്‍ശിച്ചു. അയ്മലിന്റെ പ്രസംഗം ഏറെ വൈകാതെ സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയി. ആറ് മാസത്തിനിടെ മൂന്നാം തവണയാണ് അസിം മുനീര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. ഇതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ സാന്നിധ്യത്തിലാണ് അസിം മുനീര്‍ ട്രംപിന് അപൂര്‍വ ധാതുക്കളുടെ ശേഖരം സമ്മാനിച്ചത്. വൈറ്റ് ഹൗസ് തന്നെ ഈ ചിത്രം ഈ ആഴ്ചയില്‍ ആദ്യം പുറത്തുവിടുകയും ചെയ്തിരുന്നു. ട്രംപുമായി പാക് നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഈ ചിത്രം പകര്‍ത്തിയത്.
പ്രതിരോധ ആവശ്യങ്ങള്‍ക്കും സാങ്കേതിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി പാകിസ്ഥാനിലെ തന്ത്രപ്രധാനമായ ധാതുക്കള്‍ സംയുക്തമായി പര്യവേഷണം ചെയ്ത് കണ്ടെത്താനുള്ള പാകിസ്ഥാന്‍ മിലിട്ടറി എഞ്ചിനീയറിംഗ്, നിര്‍മാണ സ്ഥാപനമായ ഫ്രണ്ടിയര്‍ വര്‍ക്‌സ് ഓര്‍ഗനൈസേഷനും യുഎസ് സ്ട്രാറ്റജിക് മെറ്റല്‍സും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് ചിത്രം പകര്‍ത്തിയത് എന്ന പ്രത്യേകത കൂടിയുണ്ട്.