
ആണവായുധ ഭീഷണിക്ക് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ വീണ്ടും പാകിസ്ഥാന്‍ ആര്‍മി തലവന്‍ അസിം മുനീര്‍. ഗുജറാത്തിലെ ജാംനഗറില്‍ സ്ഥിതി ചെയ്യുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറിയെ ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു അസിം മുനീറിന്റെ ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്.
ഭാവിയില്‍ ഇന്ത്യ പാകിസ്ഥാനെതിരെ തുനിഞ്ഞാല്‍ ജാംനഗറിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓയില്‍ റിഫൈനറി ആക്രമിക്കുമെന്ന തരത്തിലാണ് പുതിയ ഭീഷണി. ഫ്‌ളോറിഡയിലെ ഒരു സ്വകാര്യ അത്താഴ വിരുന്നില്‍ സംസാരിക്കവെയാണ് അസിം മുനീറിന്റെ ഭീഷണിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓയില്‍ റിഫൈനറിക്ക് നേരത്തെയും പാകിസ്ഥാനില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
33 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയാണ് റിഫൈനറിയില്‍ ശുദ്ധീകരിക്കുന്നത്. ഇത് ഇന്ത്യയുടെ മൊത്തം ശുദ്ധീകരണ ശേഷിയുടെ 12 ശതമാനം വരും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സുപ്രധാന കയറ്റുമതിയും ഇവിടെ നിന്നാണ്.
അസിം മുനീര്‍ ആണവായുധ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ തള്ളി ഇന്ത്യ രംഗത്ത് വരികയും ചെയ്തിരുന്നു. ആണവയുദ്ധ ഭീഷണി പാകിസ്ഥാന്റെ ഗിമ്മിക്ക് മാത്രമാണ്. ആണവയുദ്ധ ഭീഷണി പാകിസ്ഥാന്റെ നിരുത്തരവാദ സമീപനത്തെ തുറന്നു കാണിക്കുന്നുവെന്നും ഭീഷണിക്ക് വഴങ്ങില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആണവായുധം കൈവശം വെയ്ക്കുന്ന ഉത്തരവാദിത്ത ബോധമില്ലാത്ത രാജ്യമാണ് പാകിസ്ഥാന്‍. അമേരിക്കന്‍ പിന്തുണയില്‍ പാകിസ്ഥാന്‍ യഥാര്‍ഥ നിറം കാണിക്കുന്നു. പാകിസ്ഥാനില്‍ ജനാധിപത്യം നിലവിലില്ല എന്നതിന്റെ ലക്ഷണമാണിത്. പാകിസ്ഥാനെ നിയന്ത്രിക്കുന്നത് അവരുടെ സൈന്യമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്ത്യയുടെ സുരക്ഷ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
സിന്ധു നദി ഇന്ത്യയുടെ സ്വത്തല്ലെന്നും അണക്കെട്ട് നിര്‍മിച്ചാല്‍ തകര്‍ക്കുമെന്നുമായിരുന്നു അസിം മുനീറിന്റെ ഭീഷണി. പാകിസ്ഥാന്‍ മുങ്ങിത്താഴുകയാണെന്ന് തോന്നിയാല്‍, ലോകത്തിന്റെ പകുതിയും നശിപ്പിക്കുമെന്നും അസിം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യവസായിയും ഓണററി കോണ്‍സുലുമായ അദ്നാന്‍ അസദ്, യുഎസിലെ ടാമ്പയില്‍ നടത്തിയ അത്താഴവിരുന്നിലായിരുന്നു അസിം മുനീറിന്റെ പരാമര്‍ശം.