

ഡൽഹി: ബഹിരാകാശത്തുനിന്നുള്ള അറോറ ലൈറ്റിൻ്റെയും കാനഡ ആമിൻ്റെയും ചിത്രം പങ്കുവച്ച് നാസ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജനുമായ അനിൽ മേനൻ. തൻ്റെ ഐഫോൺ ഉപയോഗിച്ച് പകർത്തിയ ചിത്രം എക്സിൽ പങ്കുവെയ്ക്കുകയായിരുന്നു. അറോറ ലൈറ്റും കനേഡിയൻ നിർമ്മിത സ്പേസ് റോബേട്ടിക് ആം ആയ കാനഡ ആമും ഒരുമിച്ച് വരുമ്പോൾ അതൊരു അത്യുഗ്രൻ കോമ്പിനേഷനാണെന്ന് ചിത്രത്തോടപ്പം പങ്കുവച്ച കുറിപ്പിൽ അദേഹം വ്യക്തമാക്കി.
കൂടാതെ, ഈ ആഴ്ച സിഗ്നസ് പേടകത്തെ പിടിച്ചെടുക്കുന്നതിനായി കാനഡ ആം ഉപയോഗിക്കുമെന്നും സഹപ്രവർത്തകരായ ലൂക്ക് ഡെലാനി, ജെസീക്ക വാറ്റ്കിൻസ് എന്നിവരായിരിക്കും ഈ ദൗത്യം നിർവഹിക്കുകയെന്നും അനിൽ മേനോൻ അറിയിച്ചു. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് കൗതുകകരമായ ചോദ്യങ്ങളുമായി എത്തിയത്. ഈ നിറങ്ങൾ ലഭിക്കാൻ ഏതെങ്കിലും പ്രത്യേക സെറ്റിംഗുകളോ ഫോട്ടോ എഡിറ്റിംഗോ ഉപയോഗിച്ചിട്ടുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകി.
"ഇത് വെറുമൊരു ഐഫോൺ ഉപയോഗിച്ച് എടുത്തതാണ്, യാതൊരു എഡിറ്റിംഗും നടത്തിയിട്ടില്ല. മൂന്ന് സെക്കൻഡ് നൈറ്റ് എക്സ്പോഷറിലാണ് ഇത് പകർത്തിയത്. ചിലപ്പോൾ അത് അറോറയ്ക്ക് കൂടുതൽ തിളക്കം നൽകുന്നുണ്ടെങ്കിലും ബഹിരാകാശ നിലയത്തിലെ കുപോളയിൽ നിന്ന് നോക്കുമ്പോൾ യഥാർത്ഥത്തിൽ കാണുന്നതുപോലെ തന്നെയാണ് ഈ ചിത്രത്തിലും പതിഞ്ഞിരിക്കുന്നത്," അനിൽ മേനോൻ കുറിച്ചു. അവിശ്വസനീയമായ ചിത്രമെന്നാണ് പലരും ഈ ബഹിരാകാശ കാഴ്ചയെ വിശേഷിപ്പിച്ചത്.