1984ന് ശേഷമുള്ള ഏറ്റവും വലിയ അപകടം; ബംഗ്ലാദേശിൽ ജെറ്റ് വിമാനം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 27 ആയി

അപകടത്തിൻ്റെ തീവ്രത കൂടിയതിനാൽ മരണസംഖ്യ ഇനിയും വർധിക്കാനിടയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
jet crash
ജെറ്റ് വിമാനം തകർന്നുവീണ ദൃശ്യങ്ങൾSource: X/ @Sajeda_Akhtar
Published on

ധാക്ക: മൈൽസ്റ്റോൺ സ്കൂൾ കോളേജ് കാമ്പസിൽ വ്യോമസേനയുടെ ജെറ്റ് വിമാനം തകർന്നുവീണ് 27 പേർ മരിച്ചു. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. അപകടത്തിൻ്റെ തീവ്രത കൂടിയതിനാൽ മരണസംഖ്യ ഇനിയും വർധിക്കാനിടയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തത്.

1984 ലാണ് രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടം ഉണ്ടായത്. ചാറ്റോഗ്രാമിൽ നിന്ന് ധാക്കയിലേക്ക് പറന്ന ഒരു പാസഞ്ചർ ജെറ്റ് ഒരു മഴക്കെടുതി കാരണം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 49 പേരാണ് അന്ന് കൊല്ലപ്പെട്ടത്.

ഇന്ത്യയിലെ അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തിന് ഒരു മാസത്തിന് ശേഷമാണ് ബംഗ്ലാദേശിലും ഈ അപകടം സംഭവിക്കുന്നത്.അപകടത്തിൽ 171 ഓളം പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഇതിൽ ഭൂരിഭാഗം പേരും വിദ്യാർഥികളാണ്.

സാങ്കേതിക തകരാർ മൂലം വിമാനം സ്കൂളിൽ തകർന്നുവീഴുകയായിരുന്നു എന്ന് ബംഗ്ലാദേശ് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപകടത്തിൻ്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടന്നികൊണ്ടിരിക്കുകയാണ്. ദാരുണമായ അപകടത്തെത്തുടർന്ന് ബംഗ്ലാദേശിൻ്റെ ഇടക്കാല പ്രസിഡൻ്റ് മുഹമ്മദ് യൂനുസ് ചൊവ്വാഴ്ച ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

"മൈൽസ്റ്റോൺ സ്കൂളിലെയും കോളേജിലെയും വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും, അധ്യാപകർക്കും, ജീവനക്കാർക്കും, വ്യോമസേനയ്ക്കും ഈ അപകടത്തിൽപ്പെട്ട മറ്റുള്ളവർക്കും ഉണ്ടായ നഷ്ടം നികത്താനാവാത്തതാണ്", യൂനുസ് പറഞ്ഞു. അപകടത്തിന് പിന്നാലെ സാധ്യമായ എല്ലാ പിന്തുണയും സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഇന്നലെയാണ് ചൈനീസ് J-7 യുദ്ധവിമാനത്തിൻ്റെ നൂതന പതിപ്പായ F-7BGI വിമാനം മൈൽസ്റ്റോൺ സ്കൂൾ ആൻഡ് കോളേജ് കാമ്പസിൽ തകർന്നുവീണത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com