യുഎഇ: യുഎഇയിലെ ആമസോണ്‍ ഡാറ്റാ സെന്‍ററിന് നേരെ ആക്രമണം. ആമസോൺ വെബ് സർവീസസ് അവേലബിലിറ്റി സോണിലാണ് (AWS) ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് എഡബ്യുഎസില്‍ തീപിടുത്തമുണ്ടായി. വെെദ്യുത വിതരണം താത്കാലികമായി തടസപ്പെട്ടു. ഇറാനിയന്‍ ആക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. പൂർണമായി കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാൻ മണിക്കൂറുകൾ എടുക്കുമെന്ന് എഡബ്യുഎസ് സ്ഥിരീകരിച്ചു, എന്നാൽ യുഎഇയിലെ മറ്റ് ഡാറ്റാ സെന്ററുകളുടെ പ്രവർത്തനം സാധാരണഗതിയിലാണ്.
ഇറാനിൽ നിന്നുള്ള മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ യുഎഇ നേരിടുന്നതിനിടെയാണ് ആമസോണ്‍ ഡാറ്റാ സെന്‍ററിന് നേരെയുള്ള ആക്രമണം. അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെ തുടർന്നാണ് യുഎഇ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഇറാനിൽ നിന്ന് തിരിച്ചടി ഉണ്ടാകുന്നത്. ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിർത്തിയിട്ടിരുന്ന വിദേശ കപ്പലിനും തീപിടിച്ചു. ആകാശത്തുവെച്ച് തകർക്കപ്പെട്ട മിസൈലിന്റെ അവശിഷ്ടങ്ങൾ കപ്പലിന് മുകളിൽ പതിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അപകടത്തിൽ കപ്പലിലെ ജീവനക്കാരനായ ഒരു ഏഷ്യൻ തൊഴിലാളി മരണപ്പെട്ടു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, ദോഹയില്‍ ഖത്തർ പോർ വിമാനങ്ങള്‍ വിന്യസിച്ചു. ഇറാനിയന്‍ മിസെെലുകളെ ഇനി പോർവിമാനങ്ങള്‍ നേരിടും. വ്യോമപ്രതിരോധം വെടിവച്ചിടുന്ന മിസെെലുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച് അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഇതുവരെ പാട്രിയറ്റ് എയർ ഡിഫന്‍സ് ആണ് ദോഹയുടെ ആകാശം സംരക്ഷിച്ചിരുന്നത്.