ചെന്നൈ: പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷമായ ഭാഷയിൽ തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാനെ മോശം അയൽക്കാരെന്ന് വിളിച്ചാണ് എസ്. ജയശങ്കറിൻ്റെ പ്രസ്താവന. "നിങ്ങൾക്ക് മോശം അയൽക്കാർ ഉണ്ടാകാം. നിർഭാഗ്യവശാൽ, നമുക്ക് മോശം അയൽക്കാരുണ്ട്" എന്നായിരുന്നു പാകിസ്ഥാനിലേക്ക് വിരൽ ചൂണ്ടിയുള്ള ജയശങ്കറിൻ്റെ പ്രസ്താവന.
ഭീകരതയ്‌ക്കെതിരെ സ്വന്തം ജനതയെ ഏത് വിധേനയും സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും ജയശങ്കർ പ്രതികരിച്ചു. എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ഇന്ത്യയ്ക്ക് ആരുടെയും ഉപദേശം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു ജയശങ്കർ.
സിന്ധു നദീജല കരാറിനെ കുറിച്ചും ജയശങ്കർ പ്രസ്താവന നടത്തി. "എന്നാൽ, ഭീകരത തുടരുന്ന മോശം അയൽക്കാരുടെ കാര്യം വരുമ്പോൾ, ഇന്ത്യയ്ക്ക് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവുമുണ്ട്, അതിന് ആവശ്യമായതെല്ലാം ചെയ്യും. ഒരുവശത്ത് നമ്മുടെ വെള്ളം പങ്കിടാൻ അഭ്യർഥിക്കാനും മറുവശത്ത് രാജ്യത്ത് ഭീകരവാദം നടത്താനും കഴിയില്ല" എസ്. ജയശങ്കർ പറഞ്ഞു. വെള്ളവും ഭീകരവാദവും ഒരുമിച്ച് ഒഴുകില്ലെന്ന ഇന്ത്യയുടെ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിച്ചു.
2025 ഏപ്രിലിൽ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സംഭവത്തെ തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചിരുന്നു.