ബംഗ്ലാദേശിൽ റോക്ക് ഗായകൻ ജെയിംസിൻ്റെ പരിപാടി തടസ്സപ്പെടുത്തി ജനക്കൂട്ടം; ആക്രമണത്തിൽ 25 പേർക്ക് പരിക്ക്, വിമർശിച്ച് തസ്ലീമ നസ്റീൻ

'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലെ 'ഭീഗി ഭീഗി', 'ലൈഫ് ഇൻ എ മെട്രോ' എന്ന ചിത്രത്തിലെ 'അൽവിദ' തുടങ്ങിയ നിരവധി ഹിറ്റ് ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
Bangladeshi Singer James' Concert Called Off
Published on
Updated on

ധാക്ക: ബംഗ്ലാദേശി റോക്ക് ഗായകനായ ജെയിംസ് ഫരീദ്‌പൂർ സിറ്റിയിൽ നടത്താനിരുന്ന സംഗീത പരിപാടിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 25 പേർക്ക് പരിക്കേറ്റു. സംഘടിച്ചെത്തിയ ജനക്കൂട്ടം വേദിക്ക് നേരെയും കാണികൾക്ക് നേരെയും കല്ലും വടികളും ഉൾപ്പെടെ വലിച്ചെറിയുകയായിരുന്നു. ഇതോടെ പരിപാടി ഉപേക്ഷിക്കുന്നതായി സംഘാടകർ അറിയിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഫരീദ്‌പൂർ ജില്ലാ സ്കൂൾ കാംപസിൻ്റെ 185ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി നിശ്ചയിച്ചിരുന്നത്. ഫരീദ്‌പൂർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പരിപാടി മാറ്റിവച്ചത്. ജനക്കൂട്ടം വേദിയിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുകയും പിന്നാലെ കാണികൾക്ക് നേരെ തിരിയുകയുമായിരുന്നു. എന്നാൽ അക്രമികളുടെ ഉദ്ദേശ്യം എന്താണെന്നോ, കാണികളെ ആക്രമിച്ചത് എന്തിനാണെന്നോ മനസിലാകുന്നില്ലെന്നും സ്കൂൾ അധികൃതർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ജെയിംസ് ഒരു ബംഗ്ലാദേശി ഗായകനും ഗാനരചയിതാവും ഗിറ്റാറിസ്റ്റും സംഗീതസംവിധായകനും പിന്നണി ഗായകനുമൊക്കെയാണ്. 'നാഗർ ബൗൾ' എന്ന റോക്ക് ബാൻഡിലെ പ്രധാന ഗായകനും ഗാനരചയിതാവും ഗിറ്റാറിസ്റ്റുമാണ് അദ്ദേഹം. 'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലെ 'ഭീഗി ഭീഗി', 'ലൈഫ് ഇൻ എ മെട്രോ' എന്ന ചിത്രത്തിലെ 'അൽവിദ' തുടങ്ങിയ നിരവധി ഹിറ്റ് ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

Bangladeshi Singer James' Concert Called Off
മുഹമ്മദ് യൂനുസ് അശക്തൻ; ബംഗ്ലാദേശ് തീവ്രവാദ ​ഗ്രൂപ്പുകളുടെ കയ്യിലേക്ക് പോകുന്നു: ഷെയ്ഖ് ഹസീന

അതേസമയം, ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റീനും ആക്രമണ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച ആശങ്കയറിയിച്ചു. "സാംസ്കാരിക കേന്ദ്രമായ ഛായാനൗട്ട് കത്തിച്ചുകളഞ്ഞിരിക്കുന്നു. സംഗീതം, നാടകം, നൃത്തം, കവിതാ പാരായണം, നാടോടി സംസ്കാരം എന്നിവയുടെ പ്രചാരണത്തിലൂടെ മതേതരവും പുരോഗമനപരവുമായ അവബോധം വളർത്തിയെടുക്കുന്നതിനായി നിർമിച്ച ഉഡിച്ചി എന്ന സാംസ്ക്കാരിക കേന്ദ്രവും കത്തിച്ചുകളഞ്ഞിരിക്കുന്നു. ഇന്നലെ പ്രശസ്ത റോക്ക് ഗായകൻ ജെയിംസിനെ ഒരു പരിപാടിയിൽ പാടാൻ ജിഹാദികൾ അനുവദിച്ചില്ല," തസ്ലീമ നസ്റീൻ എക്സിൽ കുറിച്ചു.

"കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിറാജ് അലി ഖാൻ ധാക്കയിൽ വന്നിരുന്നു. ലോകപ്രശസ്ത മാന്ത്രികനായ ഉസ്താദ് അല്ലാവുദ്ദീൻ ഖാന്റെ മകൻ അലി അക്ബർ ഖാന്റെ ചെറുമകനാണ് അദ്ദേഹം. മൈഹാർ ഘരാനയിലെ ഒരു വിശിഷ്ട കലാകാരനാണ് സിറാജ് അലി ഖാൻ. ധാക്കയിൽ ഒരു പരിപാടിയും അവതരിപ്പിക്കാതെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. കലാകാരന്മാർ, സംഗീതം, സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവ സുരക്ഷിതമാകുന്നത് വരെ താൻ ഇനി ബംഗ്ലാദേശിലേക്ക് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഉസ്താദ് റാഷിദ് ഖാൻ്റെ മകൻ അർമാൻ ഖാനും ധാക്കയുടെ ക്ഷണം നിരസിച്ചു. സംഗീതത്തെ വെറുക്കുന്ന ജിഹാദികൾ വസിക്കുന്ന ബംഗ്ലാദേശിൽ കാലുകുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹവും വ്യക്തമാക്കി," നസ്രീൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com