

ഇസ്രയേൽ കുടിയേറ്റക്കാരുടെ തുടർച്ചയായ ആക്രമണങ്ങൾ കാരണം അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്ന് പലായനം ചെയ്യുകയാണ് റാസ് ഐൻ അൽ-ഔജ ഗ്രാമവാസികള്‍. മറ്റ് മാർഗങ്ങളൊന്നും ഇല്ലാത്തതിനാലാണ് ജോർദാൻ താഴ്‌വരയിലെ അവസാനത്തെ പലസ്തീൻ ഇടയ സമൂഹങ്ങളിൽ ഒന്നായ അൽ-ഔജയിലെ ബെദൂയിന്‍ സമൂഹമൊന്നാകെ പിറന്ന മണ്ണ് ഉപേക്ഷിച്ച് പോവുന്നത് .
കാവലിരിക്കുന്നവർ കണ്ണടച്ചാല്‍ അവർ വീടിന് തീയിടും.തക്കം കിട്ടിയാല്‍ ആടുകളെ മോഷ്ടിക്കും.വിഷം വെച്ച് മിണ്ടാപ്രാണികളെ കൊല്ലും. ഇസ്രയേലി കുടിയേറ്റക്കാരുടെ തുടർച്ചയായ ആക്രമണങ്ങളെതുടർന്ന് നില്‍ക്കക്കള്ളി ഇല്ലാതായ റാസ് ഐൻ അൽ-ഔജ ഗ്രാമവാസികളുടെ തീരാദുരിതമാണിത് . ലോകത്തിലെ തന്നെ അപൂർവ ഗോത്ര വിഭാഗങ്ങളായ ബെദൂയിന്‍ , ജോർദാൻ താഴ്‌വരയിലെ അവസാനത്തെ പലസ്തീൻ ഇടയ സമൂഹങ്ങളിൽ ഒന്നായിരുന്നു. കാലങ്ങളായി സ്വൈര്യവിഹാരം നടത്തിയിരുന്ന മേച്ചില്‍പ്പുറങ്ങളിലേക്കും നീരുറവകളിലേക്കും അവർക്കിന്ന് പ്രവേശനമില്ല. പലരും ആടുകളെ വിറ്റു. 24,000 ആടുകളുണ്ടായിരുന്നിടത്ത് അത് മൂവായിരമായി ചുരുങ്ങി . വൈദ്യുതി കണക്ഷന് അനുമതി നല്‍കാതായതോടെ, ഗ്രാമവാസികള്‍ സ്ഥാപിച്ച സോളാർ പാനലുകളും കുടിയേറ്റക്കാർ നശിപ്പിക്കുകയാണ് . നാടോടി അറബ് ഗോത്രമായ ബെഡൂയിനുകളുടെ ജീവിതരീതികള്‍ അനുകരിച്ചാണ് ഇസ്രയേലി കുടിയേറ്റക്കാർ ഭൂമിക്ക് മേൽ പിടിമുറുക്കുന്നത്. ആയുധങ്ങളുമായി സ്വന്തം ആടുകളെ മേയ്ക്കുന്ന ഇസ്രയേലി കൗമാരക്കാർക്ക് സൈന്യത്തിൻ്റെ സഹായവും സംരക്ഷണവുമുണ്ട്.
പുതുവത്സരം വരെ, റാസ് ഐൻ അൽ-ഔജയിലെ കുടുംബങ്ങളില്‍ പലരും പിടിച്ചുനിന്നു. എന്നാല്‍ ഇസ്രയേലി ഔട്ട് പോസ്റ്റുകള്‍ വീട്ടുമുറ്റം വരെയെത്തി. സുരക്ഷയുടെ പേരില്‍ റെയ്ഡുകളും വേട്ടയാടലും പതിവായി. ഗ്രാമവാസികളുടെ വീടുകള്‍ വ്യാപകമായി ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു. മറ്റൊരിടമില്ലാത്തതുകൊണ്ട് മാത്രം പിടിച്ചുനിന്നവർക്കും പിറന്ന് മണ്ണ് ഉപേക്ഷിക്കേണ്ടി വന്നു. പല കുടുംബങ്ങളും പോകുന്നതിനുമുമ്പ് വീട്ടുപകരണങ്ങള്‍ കത്തിച്ചുകളയും. കുടിയേറ്റക്കാർ അതും കൈയേറി ഉപയോഗിക്കരുതെന്ന തീരുമാനമായിരുന്നു അത്. പ്രതിരോധമില്ലാത്തവരുടെ അവസാന പ്രതിഷേധം.