

ഡല്‍ഹി: ബംഗ്ലാദേശിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യക്കാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തിവച്ച് ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍. വിദ്യാര്‍ഥി നേതാവായ ഷരിഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് സംഘര്‍ഷം കലുഷിതമായ സാഹചര്യത്തിലാണ് ബംഗ്ലാദേശ് ഹൈക്കമ്മീഷന്റെ നീക്കം.
'ഒഴിവാക്കാന്‍ പറ്റാത്ത ചില സാഹചര്യങ്ങള്‍ ളള്ളതിനാല്‍ ന്യൂഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനില്‍ നിന്നുള്ള എല്ലാ കോണ്‍സുലാര്‍, വിസ സര്‍വീസുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു,' എന്നാണ് ബംഗ്ലാദേശ് അറിയിച്ചത്. ബുദ്ധിമുട്ട് നേരിടുന്നതില്‍ ഖേദിക്കുന്നവെന്നും ബംഗ്ലാദേശ് അറിയിച്ചു.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ ഇന്ത്യന്‍ വിസ അപ്ലിക്കേഷന്‍ സെന്ററും (ഐവിഎസി) താല്‍ക്കാലികമായി വിസ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിന്റെയും നടപടി.
'ചിറ്റഗോങ്ങിലെ എഎച്ച്‌സിഐയിലുണ്ടായ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യന്‍ വിസ ഓപ്പറേഷന്‍സ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ 21.12.25 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു,' എന്നാണ് ഇന്ത്യ അറിയിച്ചിരുന്നത്.
ബംഗ്ലാദേശില്‍ ഇന്നും ഒരു വിദ്യാര്‍ഥി നേതാവിന് വെടിയേറ്റു. ബിഎന്‍പിയുടെ ഖുല്‍ന ഡിവിഷന്‍ തലവന്‍ മുത്തലിബ് ഷിക്ദാറിനാണ് വെടിയേറ്റത്.
തലയുടെ ഇടതുഭാഗത്തായി വെടിയേറ്റ മുഹമ്മദ് മുത്തലിബ് ഷിക്ദാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്ന് കഴിഞ്ഞാഴ്ച മുതല്‍ സംഘര്‍ഷങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമാണ് ബംഗ്ലാദേശ് സാക്ഷ്യം വഹിക്കുന്നത്.
ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാവും ഇങ്ക്വിലാബ് മഞ്ച എന്ന സംഘടനയുടെ വക്താവുമായിരുന്നു ഒസ്മാന്‍ ഹാദി. 2024ല്‍ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയ പ്രക്ഷോഭത്തിലെ പ്രധാന നേതാവായിരുന്നു ഇദ്ദേഹം.
2026ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികള്‍ക്കിടെയായിരുന്നു ഹാദിക്കു നേരെ ആക്രമണം നടന്നത്. ധാക്കയില്‍ പള്ളിയില്‍ പോകുന്നതിനിടെ ആയിരുന്നു 32കാരനായ ഷെരീഫ് ഒസ്മാന്‍ ഹാദിക്ക് വെടിയേറ്റത്.