
ഹമാസ് തലവന്‍ മുഹമ്മദ് സിന്‍വാറിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.
മെയ് 14ന് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസ് തലവന് ഗുരുതരമായി പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മെയ് 21 ന് തന്നെ മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇസ്രയേല്‍ പാര്‍ലമെന്റായ നെസെറ്റിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
'നമ്മള്‍ മുഹമ്മദ് ദീഫ്, ഹനിയ, യഹ്യ സിന്‍വാര്‍, മുഹമ്മദ് സിന്‍വാര്‍ എന്നിവരെ ഇല്ലാതാക്കിയിരിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഹമാസിന്റെ പരിപൂര്‍ണ തകര്‍ച്ചയിലേക്കുള്ള നാടകീയമായ നീക്കങ്ങളിലായിരുന്നു. ഭക്ഷണ വിതരണത്തിന്റെയും നിയന്ത്രണം ഇസ്രയേല്‍ ഏറ്റെടുക്കുകയാണ്,' നെതന്യാഹു പറഞ്ഞു.
ഗാസയിലെ ഹമാസിന്റെ അവസാനത്തെ ഉന്നത കമാന്‍ഡോമാരില്‍ ഒരാളാണ് മുഹമ്മദ് സിന്‍വാര്‍. ഖാന്‍ യൂനുസിലെ യൂറോപ്യന്‍ ആശുപത്രിക്ക് കീഴിലെ ഭൂഗര്‍ഭ കേന്ദ്രത്തിലാണ് മുഹമ്മദ് സിന്‍വാര്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. അതേസമയം ഹമാസ് ഇതുവരെയും സിന്‍വാറിന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.