ഗാസയിലെ സൈനിക ഓപ്പറേഷനുകള്‍ വർധിപ്പിക്കുമെന്നും എന്നാല്‍ പ്രദേശം പൂർണമായി പിടിച്ചെടുക്കില്ലെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പകരം, ഗാസയ്ക്കുള്ളില്‍ ഒരു പുതിയ 'സുരക്ഷാ പരിധി' സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേലെന്നും നെതന്യാഹു എന്‍ഡിടിവിയോട് പറഞ്ഞു.
ഹമാസിനെ ഇല്ലാതാക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്നും ബന്ദികളെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി. പ്രദേശത്തെ പൂർണമായി പിടിച്ചെടുക്കുന്നതിനു പകരം ശക്തമായ സൈനിക നീക്കത്തിലൂടെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാണ് ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. തുടർന്ന് ഒരു ഇടക്കാല സർക്കാരിന് അധികാരം കൈമാറും. ഭാവിയിലെ കടന്നുകയറ്റങ്ങള്‍ക്ക് തടയിടാനാണ് ഗാസയില്‍ 'സുരക്ഷാ പരിധി' സ്ഥാപിക്കുന്നതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ കൂടുതൽ വിലയിരുത്താൻ നെതന്യാഹു ഇന്ന് സുരക്ഷാ ക്യാബിനറ്റ് വിളിച്ചുചേർത്തേക്കും.
ഹമാസ് ആയുധം വെച്ച് കീഴടങ്ങിയാല്‍ യുദ്ധം ഉടനടി അവസാനിപ്പിക്കുമെന്നാണ് ഇസ്രയേല്‍ അധികൃതർ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ പുതിയ ഓപ്പറേഷനുകളില്‍ ഉണ്ടാകാവുന്ന ആള്‍നാശം ഒഴിവാക്കാമെന്നും ഇവർ പറയുന്നു. ഹമാസിനെ ദുർബലപ്പെടുത്തിയെന്ന അവകാശവാദങ്ങള്‍ മുഴക്കുമ്പോള്‍ തന്നെ ഇസ്രയേല്‍ ആക്രമണങ്ങള്‍ ശക്തമാക്കുന്ന കാഴ്ചയാണ് ഗാസയില്‍ കാണാന്‍ സാധിക്കുന്നത്. ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ പലപ്പോഴും സഹായ കേന്ദ്രങ്ങളും ആശുപത്രികളും അഭയാർഥി കേന്ദ്രങ്ങളുമാണ് തകരുന്നത്. ആയിരങ്ങളാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നത്.
ആയുധങ്ങൾ വെച്ച് കീഴടങ്ങുകയും ബന്ദികളെ നിരുപാധികമായി വിട്ടയയ്ക്കുകയും ചെയ്താല്‍ ഹമാസിന് "നാളെ യുദ്ധം അവസാനിപ്പിക്കാൻ" കഴിയുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി എൻഡിടിവിയോട് പറഞ്ഞു. എന്നിരുന്നാലും, ഹമാസ് തങ്ങളുടെ ആവശ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായി പിൻവലിക്കല്‍, ആയിരക്കണക്കിന് പലസ്തീൻ തടവുകാരുടെ മോചനം, ഇസ്രയേൽ വീണ്ടും ആക്രമണങ്ങള്‍ തുടരില്ലെന്ന അന്താരാഷ്ട്ര ഉറപ്പ് എന്നിങ്ങനെയുള്ള ഉപാധികളാണ് ഹമാസ് മുന്നോട്ടുവയ്ക്കുന്നത്.
ഈജിപ്ത്, ഖത്തർ, യുഎസ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ വെടിനിർത്തല്‍ ചർച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒരു ശാശ്വത പരിഹാരത്തിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. ജനുവരിയിലെ താല്‍ക്കാലിക വെടിനിർത്തലില്‍ 25 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുകയും എട്ട് പേരുടെ മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തിരുന്നു. തിരികെ തടവിലുണ്ടായിരുന്ന പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചിരുന്നു. എന്നാല്‍ ഹമാസ് നിരായുധീകരണത്തിന് വിസമ്മതിച്ചെന്നും കൂടുതൽ ബന്ദികളെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി മാർച്ചിൽ ഇസ്രയേൽ ഈ കരാറിൽ നിന്ന് പിന്മാറി. അതിനുശേഷം നടന്ന ചർച്ചകൾ എല്ലാം പരാജയപ്പെട്ടു.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം നടന്ന ഇസ്രയേല്‍ ആക്രമണങ്ങളില്‍ മാത്രം ഗാസയിൽ കുറഞ്ഞത് 61,158 പേരാണ് കൊല്ലപ്പെട്ടത്. പ്രദേശം കൊടിയ ക്ഷാമത്തിലേക്കും കടന്നിരിക്കുകയാണ്. ഗാസ ഇപ്പോഴും പൂർണമായ ഉപരോധത്തിലാണ്. സഹായ വാഹനവ്യൂഹങ്ങൾ ഇടയ്ക്കിടെ തടസപ്പെടുന്നതിനാല്‍ ഭക്ഷണം, വെള്ളം, മരുന്ന്, ഇന്ധനം എന്നിവയുടെ ദൗർലഭ്യവും ഗാസയിലെ ജനങ്ങള്‍ നേരിടുന്നു.