

രണ്ട് വർഷം നീണ്ടുനിന്ന ഗാസ യുദ്ധത്തിന് താത്ക്കാലിക ശമനമായതോടെ ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുകയാണ് ബെത്ലഹേം. തെരുവുകൾ വിളക്കുകളാൽ അലങ്കരിച്ചു തുടങ്ങി.പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് ചരിത്ര നഗരം . നിരവധി വിനോദസഞ്ചാരികളും ബെത്ലഹേമിലേക്ക് എത്തുന്നുണ്ട് .
യേശുക്രിസ്തു ജനിച്ച ബെത്ലഹേമിലെ പുണ്യഭൂമി ലോകമെമ്പാടുമുള്ള വിശ്വാസികളെ സ്വാഗതം ചെയ്യുകയാണ്. ബെത്ലഹേം തെരുവുകൾ ക്രിസ്മസിനായി ഒരുങ്ങിക്കഴിഞ്ഞു. എങ്ങും വിളക്കുകളാൽ പ്രകാശപൂരിതമാണ്. വർണാഭമായ ക്രിസ്മസ് ട്രീയും ഉടൻ തയ്യാറാകും .
ബെത്ലേഹമിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ നേറ്റിവിറ്റി ചർച്ചിന് പ്രാധാന്യം ഏറെയാണ് .ദൈവപുത്രൻ ജനിച്ചെന്ന് വിശ്വസിക്കുന്ന ഗുഹയ്ക്ക് മുകളിലാണ് പള്ളി സ്ഥിതി ചെയ്യുന്നത് . ഇതിന് എതിർവശത്തുള്ള മാംഗർ സ്ക്വയറിലാണ് കൂറ്റൻ ക്രിസ്മസ് ട്രീ അലങ്കരിക്കുന്നത്.
പരമ്പരാഗത ആചാരങ്ങളോടെയാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ജറുസലേമിൽ നിന്ന് ബെത്‌ലഹേമിലേക്ക് ഘോഷയാത്ര, മാംഗർ സ്ക്വയറിൽ ബാൻഡുകളുടെ മാർച്ച്, സ്കൗട്ട് സൈന്യത്തിന്റെ പരേഡ് എന്നിങ്ങനെ പോകുന്നു ആഘോഷം. ആഘോഷങ്ങളിലുമുണ്ട് വൈവിധ്യം.
ഗാസയിലെ യുദ്ധം കാരണം കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ക്രിസ്മസ് ആഘോഷങ്ങൾ ഉണ്ടായിരുന്നില്ല. സമാധാനത്തിൻ്റെയും പ്രത്യാശയുടെയും പുതുവർഷം സ്വപ്നം കണ്ട് ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങുകയാണ് ബെത്ലഹേം .