

ടെഹ്റാൻ: രാജ്യത്തെ രക്തസാക്ഷികളുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനേയി. പരമോന്നത നേതാവായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രതികരണമായിരുന്നു ഇത്. പശ്ചിമേഷ്യയിലെ മുഴുവൻ യുഎസ് സൈനിക താവളങ്ങളും അടിയന്തരമായി അടയ്ക്കണമെന്നും, അല്ലാത്തപക്ഷം അവയ്ക്ക് നേരെ ആക്രമണം നടത്തുമെന്നും പുതിയ പരമോന്നത നേതാവ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും യമനിലെയും ഇറാഖിലെയും സായുധ ഗ്രൂപ്പുകൾ ഇറാനൊപ്പം ഉണ്ടെന്നും പരമോന്നത നേതാവ് വെളിപ്പെടുത്തി. ഇറാന് നേരെ ആക്രമണമുണ്ടായപ്പോൾ കൃത്യമായി പ്രതികരിച്ച സൈന്യത്തിന് നന്ദിയെന്നും മൊജ്തബ പ്രതികരിച്ചു. രാജ്യത്ത് പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. നാശനഷ്ടം സംഭവിച്ചവർക്ക് സാമ്പത്തിക സഹായം നൽകും. അയൽരാജ്യങ്ങളുമായുള്ള ഇറാൻ്റെ ബന്ധം മെച്ചപ്പെടുത്തുമെന്നും മൊജ്തബ ജനങ്ങൾക്ക് വാഗ്ദാനം നൽകി.
നേരത്തെ ടെഹ്‌റാനിലെ പ്രസിഡൻഷ്യൽ സമുച്ചയത്തിന് നേരെ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ ആദ്യ ദിവസം തന്നെ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടിരുന്നു. റമദാൻ പത്താം ദിവസമായിരുന്നു അത്. ആക്രമണം നടക്കുമ്പോൾ അലി ഖമനേയിക്ക് പുറമെ മൊജ്തബയുടെ ഭാര്യയും മകനും ഉൾപ്പെടെയുള്ളവർ അവിടെ ഉണ്ടായിരുന്നു. സ്ഫോടനത്തിന് പിന്നാലെ പരമോന്നത നേതാവും ഭാര്യയും മകളും മരുമകനും മകളുടെ 14 മാസം പ്രായമുള്ള കുഞ്ഞും കൊല്ലപ്പെട്ടിരുന്നു.
ആയത്തുള്ള അലി ഖമനേയിക്ക് നാല് ആൺമക്കളും രണ്ട് പെൺമക്കളും ഉണ്ടായിരുന്നു. അദ്ദേഹം ജോലി ചെയ്തിരുന്ന അതേ സ്ഥലത്താണ് താമസിച്ചിരുന്നതും. ദി ഗാർഡിയൻ്റെ റിപ്പോർട്ട് പ്രകാരം,പുതിയ പരമാധികാരി മൊജ്തബ ഖമനേയി വധശ്രമം ഭയന്ന് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ അകന്നു നിൽക്കുകയാണെന്നാണ് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നത്.