അധികാരം നിലനിര്‍ത്താന്‍ സൈനിക അട്ടിമറി ഗൂഢാലോചന; ബ്രസീല്‍ മുന്‍ പ്രസിഡന്റ് ബോള്‍സോനാരോ കുറ്റക്കാരന്‍

ബോള്‍സോനാരോയ്‌ക്കെതിരായ വിധി ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം
 Jair Bolsonaro
Jair Bolsonaro
Published on

ബ്രസീലിയ: അട്ടിമറി കേസില്‍ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ കുറ്റക്കാരനെന്ന് സുപ്രീം കോടതി. 2022 ല്‍ ലുല സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലാണ് ബോള്‍സോനാരോ കുറ്റക്കാരനാണെന്ന് വിധിച്ചത്.

2022 ലെ തെരഞ്ഞെടുപ്പില്‍ ലുല ഡ സില്‍വയോട് പരാജയപ്പെട്ട ബോള്‍സോനാരോ അധികാരം നിലനിര്‍ത്താന്‍ ബോള്‍സോനാരോ നടത്തിയ ശ്രമങ്ങളിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. ഈ കേസില്‍ മുപ്പത് വര്‍ഷത്തോളം അദ്ദേഹത്തിന് ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുള്ള നേതാവാണ് മുന്‍ സൈനിക തലവന്‍ കൂടിയായ ബോള്‍സോനാരോ. അട്ടിമറി ഗൂഢാലോചന കേസില്‍ നേരത്തെ ബോള്‍സോനാരോയെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും അധികാരത്തില്‍ തുടരാന്‍ നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വയെയും വൈസ് പ്രസിഡന്റ് ജെറോള്‍ഡോ ആല്‍ക്ക്മിന്‍ സുപ്രീം കോടതി ജഡ്ജി അലക്‌സാണ്ടര്‍ ഡി മോറിസ് എന്നിവരെ വധിക്കാനടക്കം പദ്ധതിയിട്ടതായാണ് ആരോപണം. ബോള്‍സോനാരോയുടെ സുപ്രീം കോടതി വിചാരണയിലെ അഞ്ച് ജഡ്ജിമാരില്‍ ഒരാളാണ് അലക്‌സാണ്ടര്‍ ഡി മോറിസ്.

കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇലക്ട്രോണിക് ആങ്കിള്‍ മോണിറ്റര്‍ ധരിക്കാന്‍ ഉത്തരവിടുകയും പിന്നാലെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിനു ശേഷമാണ് തടവ് ശിക്ഷ കൂടി വരുന്നത്. 27 വര്‍ഷവും മൂന്ന് മാസവുമാണ് തടവ് ശിക്ഷ. ബോള്‍സോനാരോയ്‌ക്കെതിരായ വിധി ഞെട്ടിപ്പിക്കുന്നതെന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം. ബോള്‍സോനാരോ മികച്ച നേതാവാണെന്നും വിധി നിരാശപ്പെടുത്തുന്നതാണെന്നും ട്രംപ് പ്രതികരിച്ചു. വിധി ബ്രസീലിന് തിരിച്ചടിയാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ബ്രസീലിനു മേല്‍ 50 ശതമാനം തീരുവയും ചുമത്തിയിരുന്നു. വിധി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ബോള്‍സോനാരോയുടെ പ്രതികരണം.

തീവ്ര വലതുപക്ഷ വാദിയായ ബോള്‍സോനാരോ 2019 മുതല്‍ 2023 വരെ ബ്രസീലിന്റെ 38-ാമത് പ്രസിഡന്റായിരുന്നു. 1973-ല്‍ ബ്രസീലിയന്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബോള്‍സോനാരോ ബ്രസീലിന്റെ 1964-1985 കാലഘട്ടത്തിലെ സ്വേച്ഛാധിപത്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് ഗൃഹാതുരത്വം പ്രകടിപ്പിച്ചിരുന്ന നേതാവാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com