
ന്യൂഡല്‍ഹി: വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ പൂര്‍വിക ഭവനം പൊളിച്ചുമാറ്റുന്നുവെന്ന വാര്‍ത്ത തള്ളി ബംഗ്ലാദേശ് സര്‍ക്കാര്‍. സത്യജിത് റേയുടെ പൂര്‍വിക ഭവനം ബംഗ്ലാദേശ് സര്‍ക്കാര്‍ പൊളിച്ചു മാറ്റുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ വിശദീകരണം.
ധാക്കയിലെ ഹൊരികിഷോര്‍ റേ ചൗധരി റോഡിലുള്ള നൂറ്റാണ്ട് പഴക്കമുള്ള വസ്തു സത്യജിത് റേയുടെ മുത്തശ്ശനായ പ്രശസ്ത സാഹിത്യകാരന്‍ ഉപേന്ദ്ര കിഷോര്‍ റേ ചൗധരിയുടെ വസതിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സത്യജിത് റായിയുടെ കുടുംബവുമായി ഈ വീടിന് യാതൊരു ബന്ധവുമില്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ പറയുന്നു. ബംഗ്ലാദേശിലെ പ്രാദേശിക സമീന്ദാര്‍ ആയിരുന്ന ശശികാന്ത് ആചാര്യ ചൗധരിയാണ് ഈ വസ്തു നിര്‍മിച്ചത്. തന്റെ ബംഗ്ലാവിനോട് ചേര്‍ന്ന് ജോലിക്കാര്‍ക്കു വേണ്ടിയാണ് ഈ കെട്ടിടം നിര്‍മിച്ചതെന്നും രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി ബംഗ്ലാദേശ് സര്‍ക്കാര്‍ പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു.
സമീന്ദാരി സമ്പ്രദായം നിര്‍ത്തലാക്കിയതോടെ, കെട്ടിടം സര്‍ക്കാരിന്റെ ഉടമസ്ഥതയിലായി. കെട്ടിടം പിന്നീട് ശിശു അക്കാദമിക്ക് സര്‍ക്കാര്‍ നല്‍കി. ഇതിനു ശേഷം ജില്ലാ ശിശു അക്കാദമിയായാണ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥലം കാര്‍ഷികേതര സര്‍ക്കാര്‍ (ഖാസ്) ഭൂമിയാണെന്നും ശിശു അക്കാദമിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാട്ടത്തിന് നല്‍കിയിരുന്നതായും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. വീട് പുരാവസ്തു സ്മാരകമായും പട്ടികപ്പെടുത്തിയിട്ടില്ലെന്നും രേഖകളില്‍ പരിശോധിച്ച് വ്യക്തമായതായും സര്‍ക്കാര്‍ അറിയിച്ചു.
വീടിനു മുന്നിലുള്ള റോഡ് സത്യജിത് റേയുടെ മുത്തച്ഛനായ ഉപേന്ദ്രകിഷോര്‍ റേ ചൗധരിയുടെ ദത്തുപുത്രനുമായ ഹരികിഷോര്‍ റേയുടെ പേരിലാണെന്നും രേഖകളില്‍ പറയുന്നുണ്ട്. കാലപ്പഴക്കമുള്ള വീട് ജീര്‍ണാവസ്ഥയിലും അപകടസാധ്യതയുള്ളതിനാല്‍ ഉപയോഗിക്കാനാകാത്തതിനാലും 2014 മുതല്‍ ശിശു അക്കാദമി വാടക കെട്ടിടത്തിലേക്ക് മാറിയിരുന്നു. ഇതിനു ശേഷം പൂര്‍ണമായും ഉപയോഗശൂന്യമായ വീട് സാമൂഹിക വിരുദ്ധരുടെ താവളമായി മാറി. തുടര്‍ന്നാണ് 2024 ല്‍ കെട്ടിടം പൊളിച്ച് പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
സത്യജിത് റേയുടെ പൂര്‍വിക ഭവനം ബംഗ്ലാദേശ് സര്‍ക്കാര്‍ പൊളിച്ചു മാറ്റുന്നതായായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. വീടിന്റെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമന്നാവശ്യപ്പെട്ട് മമതാ ബാനര്‍ജി രംഗത്തെത്തിയത്.
റേ കുടുംബം ബംഗാളി സംസ്‌കാരത്തിന്റെ ഏറ്റവും പഴക്കം ചെന്നതും പ്രധാനപ്പെട്ടതുമായ വാഹകരാണ്. ബംഗാളിന്റെ നവോത്ഥാന ചരിത്രത്തിലെ പ്രധാനപ്പെട്ട തൂണാണ് ഉപേന്ദ്ര കിഷോര്‍. അതുപോലെ തന്നെ ഈ വീടും ബംഗാളിന്റെ സാംസ്‌കാരിക ചരിത്രവുമായി അത്രമേല്‍ ചേര്‍ന്ന് നില്‍ക്കുന്നതാണെന്നുമായിരുന്നു മമത ബാനര്‍ജി പ്രതികരിച്ചത്.
സാംസ്‌കാരിക തനിമ പേറുന്ന റേയുടെ പൂര്‍വിക ഭവനം സംരക്ഷിക്കാന്‍ ബംഗ്ലാദേശിലെ ജനതയും മുഹമ്മദ് യൂനുസ് സര്‍ക്കാരും രംഗത്തെത്തണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.