"തെറ്റായ വിവരങ്ങള്‍ നല്‍കി"; തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കാനഡ

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആണ് നീക്കം.
"തെറ്റായ വിവരങ്ങള്‍ നല്‍കി"; തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കാനഡ
Published on
Updated on

ഒട്ടാവ: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ച് കാനഡ. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി ആണ് നീക്കം. 2001 ല്‍ കനേഡിയന്‍ പൗരത്വം നേടിയ റാണ, പൗരത്വ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കണ്ടെത്തലാണ് നടപടിയുടെ കാരണം.

തീവ്രവാദം കാരണമല്ല, മറിച്ച് അപേക്ഷാ ഫോമിൽ കള്ളം പറഞ്ഞതിനാലാണ് റാണയുടെ പൗരത്വം റദ്ദാക്കുന്നതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) തീരുമാനത്തിൽ എഴുതിയതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു. 1997-ൽ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം പിന്നീട് ഒരു ഡാനിഷ് പത്രത്തിലെ ജീവനക്കാരെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയതിന് യുഎസിൽ ശിക്ഷിക്കപ്പെട്ടിരുന്നു.

2000-ൽ റാണ പൗരത്വത്തിന് അപേക്ഷിച്ചപ്പോൾ, കഴിഞ്ഞ നാല് വർഷമായി ഒട്ടാവയിലും ടൊറൻ്റോയിലും താമസിച്ചിരുന്നുവെന്നും ആറ് ദിവസം മാത്രമേ രാജ്യത്ത് നിന്ന് വിട്ടുനിന്നിരുന്നുള്ളൂവെന്നും ബോധ്യപ്പെടുത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ അയാൾ മുഴുവൻ സമയവും ചിക്കാഗോയിൽ ചെലവഴിച്ചതായി കണ്ടെത്തി. അവിടെ അദ്ദേഹത്തിന് നിരവധി സ്വത്തുക്കളും ബിസിനസുകളും ഉണ്ടായിരുന്നുവെന്നും തെളിവുകൾ ലഭിച്ചു.

166 പേരുടെ മരണത്തിനിടയാക്കിയ 26/11(മുംബൈ ഭീകരാക്രമണം) ആക്രമണത്തിൻ്റെ സൂത്രധാരനായ റാണയെ 2025 ഏപ്രിലിലാണ് യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയത്. തുടർന്ന് ഡൽഹിയിൽ വന്നിറങ്ങിയ ഉടൻ എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റാണയാണ് ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ. ഛത്രപതി ശിവാജി ടെര്‍മിനസ്, താജ്മഹല്‍ ഹോട്ടല്‍, നരിമാന്‍ ഹൗസ്, കാമ ആന്‍ഡ് ആല്‍ബെസ് ഹോസ്പിറ്റല്‍ തുടങ്ങി മുംബൈയിലെ പ്രധാന സ്ഥലങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരുടെ ആക്രമണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com