ഗുജറാത്തില്‍നിന്ന് റഷ്യയിലെത്തിയത് പഠിക്കാന്‍, ലഹരിക്കേസില്‍ ജയിലിലായി, രക്ഷപ്പെടാന്‍ സൈനികസേവനം; ഒടുവില്‍ യുക്രെയ്‌ന്റെ പിടിയില്‍

രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി യുക്രെയ്ന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് മജോട്ടിയുടെ വെളിപ്പെടുത്തല്‍
Majoti Sahil Mohamed Hussein
മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈന്‍Source: The 63rd Mechanized Brigade / Telegram
Published on

റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ യുവാവ് പിടിയിലായതായി യുക്രെയ്ന്‍ സൈന്യം. ഗുജറാത്തില്‍ നിന്നുള്ള മജോട്ടി സാഹില്‍ മുഹമ്മദ് ഹുസൈന്‍ ആണ് പിടിയിലായത്. രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി യുക്രെയ്ന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് മജോട്ടിയുടെ വെളിപ്പെടുത്തല്‍. യുക്രെയ്ന്‍ സൈന്യത്തിന്റെ 63മത് മെക്കനൈസ്‌ഡ് ബ്രിഗേഡ് ആണ് മജോട്ടിയുടെ തുറന്നുപറച്ചിലിന്റെ വീഡിയോ സഹിതം വാര്‍ത്ത പുറത്തുവിട്ടത്.

ഗുജറാത്തിലെ മോര്‍ബി സ്വദേശിയാണ് 22 കാരനായ മജോട്ടി. ഉപരിപഠനത്തിനായാണ് റഷ്യയില്‍ എത്തിയത്. ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസില്‍ പിടിയിലായതോടെ, ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. എന്നാല്‍, ശിക്ഷ ഒഴിവാകാനും ജയിലില്‍നിന്ന് പുറത്തുകടക്കാനും വേണ്ടി, റഷ്യന്‍ സൈന്യവുമായി 'പ്രത്യേക സൈനിക ഓപ്പറേഷന്' കരാറിലേര്‍പ്പെട്ടു. ഒരു വര്‍ഷം സൈന്യത്തിനുവേണ്ടി സേവനം ചെയ്താല്‍, വീട്ടില്‍ പോകാന്‍ അനുവദിക്കാമെന്നായിരുന്നു കരാര്‍. 16 ദിവസം പരിശീലനം നല്‍കി. എങ്ങനെ ഗ്രനേഡ് എറിയണം, വെടിവയ്ക്കുന്നത് എങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പഠിപ്പിച്ചു. ഒക്ടോബര്‍ ഒന്നിന് മജോട്ടിയെ ആദ്യ സൈനിക ദൗത്യത്തിനായി അയച്ചു. അവിടെ മൂന്ന് ദിവസം ചെലവഴിച്ചു. പക്ഷേ, കമാന്‍ഡറുമായുള്ള തര്‍ക്കത്തിനൊടുവില്‍ മജോട്ടി യുക്രെയ്ന്‍ സൈന്യത്തിനു മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

"രണ്ടോ മൂന്നോ കിലോമീറ്റര്‍ അകലത്തില്‍ യുക്രെയ്ന്‍ സൈന്യത്തിന്റെ കിടങ്ങ് കണ്ടു. ഉടന്‍ തന്നെ എന്റെ റൈഫിള്‍ താഴെയിട്ടു. എനിക്ക് യുദ്ധം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് സൈനികരോട് പറഞ്ഞു. എനിക്ക് സഹായം ആവശ്യമുണ്ടായിരുന്നു. റഷ്യയിലേക്ക് മടങ്ങിപ്പോകാന്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു. അവിടെ നേരില്ല, ഒന്നുമില്ല. അതിനേക്കാള്‍ നല്ലത് യുക്രെയ്നില്‍ ജയിലില്‍ പോകുന്നതാണ്. സാധ്യമെങ്കില്‍, തിരിച്ച് ഇന്ത്യയിലേക്ക് തന്നെ അയയ്ക്കണം" - യുക്രെയ്ന്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ മജോട്ടി പറയുന്നു.

റഷ്യന്‍ സൈന്യത്തിനായി പ്രവര്‍ത്തിക്കുന്നതിന് ധനസഹായം വാഗ്ദാനം ചെയ്തിരുന്നതായും മജോട്ടി പറയുന്നു. "ചിലര്‍ ഒരു ലക്ഷം റൂബിള്‍ കിട്ടുമെന്ന് പറഞ്ഞു. മറ്റു ചിലര്‍ ഒരു മില്യണ്‍ റൂബിള്‍ എന്നും 1.5 മില്യണ്‍ റൂബിള്‍ എന്നുമൊക്കെ പറഞ്ഞു. പക്ഷേ, അവരൊന്നും തന്നില്ല"- എന്നാണ് മജോട്ടി വീഡിയോയില്‍ പറയുന്നത്.

അതേസമയം, ഇക്കാര്യ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രെയ്നില്‍ റഷ്യന്‍ സൈന്യത്തിനായി പോരാടിയ 12 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ജനുവരിയില്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 16 പേരെക്കുറിച്ചുള്ള വിവരം ലഭ്യമല്ലെന്നും അന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com