

ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ കോടതി സമുച്ചയത്തിന് സമീപം ഒരു കാറിൽ ഉണ്ടായ ശക്തമായ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിലാണ് സ്ഫോടനം നടന്നത്.ഗതാഗത കുരുക്കും , കോടതിയ്ക്ക് സമീപം ധാരാളം ആളുകളും ഉള്ള സമയത്തായിരുന്നു സ്ഫോടനം. ചാവേർ ആക്രമണമാണെന്ന് സംശയമുള്ളതായും എന്നാൽ ഫോറൻസിക് റിപ്പോർട്ടിന് ശേഷമേ കൂടുതൽ വ്യക്തത ലഭിക്കുകയുള്ളുവെന്നും പാക് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൻ്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൻ്റെ നിരവധി വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
സ്ഫോടനം നടന്ന പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും അഭിഭാഷകരും കോടതിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുമാണ്.
പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ടിടിപി സൗത്ത് വസിരിസ്ഥാനിലെ കോളേജിൽ നടത്തിയ ആക്രമണം പാകിസ്ഥാൻ സുരക്ഷാസേന പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു സ്ഫോടനം. രണ്ട് ടിടിപി ഭീകരരും ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു. അതേസമയം, കോടതി പരിസരത്ത് നടന്ന സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ടിടിപി നിഷേധിച്ചിട്ടുണ്ട്.