

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇരട്ടത്താപ്പിനുള്ള ഉദാഹരണമാണ് നൂറ് ശതമാനം തീരുവ ചുമത്തിയ നടപടിയെന്ന് ചൈന. ചൈനീസ് വാണിജ്യ മന്ത്രാലയ വക്താവിന്റേതാണ് പ്രതികരണം. ട്രംപിന്റെ നടപടി ചൈനയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും വാണിജ്യ മന്ത്രാലയം പ്രതികരിച്ചു.
ചൈനയുടെ താത്പര്യങ്ങളെ സാരമായി ബാധിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. ചര്‍ച്ചകളുടെ ഓരോ ഘട്ടത്തിലും ഉയര്‍ന്ന താരിഫ് ഭീഷണിയുമായി വരുന്നത് ശരിയായ സമീപനമല്ലെന്നും ട്രംപിനെ വിമര്‍ശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ചുമത്തിയെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. നവംബര്‍ 1 മുതല്‍ താരിഫ് നിലവില്‍ വരുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇതുകൂടാതെ, ഏഷ്യാ പസഫിക് എക്കണോമിക്‌സ് കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ബീജിങ്ങുമായി ബന്ധപ്പെട്ട് ചൈന നടത്തിയ അസാധാരണമായ ആക്രമണ സ്വഭാവമുള്ള നീക്കങ്ങള്‍ക്ക് മറുപടിയാണ് ഈ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. 100 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, സോഫ്റ്റ് വെയറുകളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു.
ഫെന്റനൈല്‍ വ്യാപാരത്തില്‍ ബീജിങ്ങിനെ സഹായിച്ചുവെന്ന് ആരോപിച്ച് ട്രംപ് കൊണ്ടുവന്ന താരിഫുകളുടെയും അന്യായമായ നടപടികളുടെയും പേരില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ 30 ശതമാനം യുഎസ് തീരുവ ചുമത്തിയിട്ടുണ്ട്. അതിനു പുറമെയാണ് ഇപ്പോഴത്തെ പ്രതികാര നടപടി.