ചൈനീസ് നിർമിത വാഹനങ്ങൾ ആഗോള വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുന്നോടിയായി വിദേശ രാജ്യങ്ങളിലെ ഭൂപ്രകൃതിയിൽ പരീക്ഷിക്കാൻ സൗകര്യമൊരുക്കി ചൈന. തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിലാണ് ചൈനയുടെ ആദ്യത്തെ അത്യാധുനിക ഓട്ടോമോട്ടീവ് ടെസ്റ്റിങ് ഹബ്ബ് പ്രവർത്തനം ആരംഭിച്ചത്.
വിദേശ നിരത്തുകളെ ചൈനീസ് മണ്ണിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് കുൻമിങ്ങിലെ പുതിയ ഓട്ടോമോട്ടീവ് ടെസ്റ്റിങ് ഹബ്ബ്. വിദേശ രാജ്യങ്ങളിലെ ഉയർന്ന മലനിരകളിലെയും പീഠഭൂമി പ്രദേശങ്ങളിലെയും റോഡുകൾക്ക് സമാനമായ സാഹചര്യം ഹബ്ബിൽ കൃത്യമായി പുനഃസൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ വിദേശത്തേക്ക് കൊണ്ടുപോകാതെ തന്നെ വാഹനങ്ങളുടെ പരീക്ഷണ ഓട്ടം ചൈനയിൽ വച്ച് പൂർത്തിയാക്കാൻ നിർമാതാക്കൾക്ക് സാധിക്കും.
മെക്സിക്കോയിലെ റോഡുകളിൽ കാണപ്പെടുന്ന സങ്കീർണമായ സ്പീഡ് ബമ്പുകൾ അടക്കം ഇവിടെ കൃത്യമായി നിർമിച്ചിട്ടുണ്ട്. മെക്സിക്കോ പോലുള്ള രാജ്യങ്ങളിലെ വേഗമേറിയ ഡ്രൈവിങ് രീതികൾക്ക് ചൈനീസ് വാഹനങ്ങൾ അനുയോജ്യമാണോ എന്നും ഇവിടെ ഉറപ്പുവരുത്താനാകും.
40 ശതമാനത്തോളം ചെരിവുള്ള റോഡുകളും ഇവിടെയുണ്ട്. എഞ്ചിൻ കരുത്ത് കുറയാൻ സാധ്യതയുള്ള പീഠഭൂമി പ്രദേശങ്ങളിൽ ഇത്തരം കുത്തനെയുള്ള കയറ്റങ്ങൾ കയറാൻ വാഹനത്തിന് സാധിക്കുമോ എന്ന് ചൈനീസ് ഓട്ടോമോട്ടീവ് ടെക്നോളജി ആൻഡ് റിസർച്ച് സെന്ററിലെ എഞ്ചിനീയർമാർ നേരിട്ട് പരീക്ഷിക്കും. കൂടാതെ വാഹനങ്ങളുടെ ശബ്ദനിലവാരം അളക്കാനുള്ള പ്രത്യേക ട്രാക്കുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഗോള വിപണിയിൽ ചൈനീസ് വാഹനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ അത്യാധുനിക ഓട്ടോമോട്ടീവ് ടെസ്റ്റിങ് ഹബ്ബിലൂടെ സാധിക്കുന്നു.