കാഠ്‌മണ്ഡു: ടിക്‌ടോക് വീഡിയോയിലെ മതപരമായ പരാമർശത്തിന് പിന്നാലെ നേപ്പാളിൽ സംഘർഷം. പാർസയിലെ ബിർഗുഞ്ച് നഗരത്തിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. സുരക്ഷാസാഹചര്യം വഷളാവുന്നത് കണക്കിലെടുത്ത് നേപ്പാൾ-ഇന്ത്യ അതിർത്തി പൂർണമായും അടച്ചു. ബീഹാറിലെ റക്സോൾ ജില്ലയ്ക്കടുത്തുള്ള ബിർഗുഞ്ചിൽ പാർസ ജില്ലാ ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തി.
സാമുദായിക സംഘർഷം രൂക്ഷമായതിനെ തുടർന്ന് നേപ്പാൾ-ഇന്ത്യ അതിർത്തിയിലും അതീവ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ അതിർത്തി കടന്നുള്ള നീക്കങ്ങളും നിയന്ത്രിച്ചിരിക്കുകയാണ്. ബിർഗുഞ്ചിൽ അക്രമികൾ ഒരു മുസ്ലീം പള്ളി തകർത്തതായും കാഠ്‌മണ്ഡു ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്?
ധനുഷ ജില്ലയിലെ കമലയിൽ രണ്ട് മുസ്ലീം യുവാക്കൾ ചില മതവിഭാഗങ്ങളെ അപമാനിക്കുന്ന പരാമർശമടങ്ങിയ വീഡിയോ പോസ്റ്റ് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഹൈദർ അൻസാരി, അമാനത് അൻസാരി എന്നിവർ ടിക്‌ടോക്കിൽ പങ്കുവച്ച വീഡിയോയാണ് സംഘർഷത്തിന് തിരി കൊളുത്തുകയായിരുന്നു. വീഡിയോ സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ച് നാട്ടുകാർ രണ്ടുപേരെയും പൊലീസിൽ ഏൽപ്പിച്ചെങ്കിലും ധനുഷ, പർസ ജില്ലകളിൽ വർഗീയ സംഘർഷം ആരംഭിച്ചിരുന്നു.
തൊട്ടുപിന്നാലെ കമലയിലെ സഖുവ മാരൻ പ്രദേശത്ത് ഒരു പള്ളി നശിപ്പിക്കപ്പെട്ടു. ഇത് സാമുദായിക സംഘർഷം രൂക്ഷമാക്കി. മുസ്ലീം പ്രതിഷേധക്കാർ ദൈവങ്ങളെ അവഹേളിച്ചതായി ആരോപിച്ച് ഹിന്ദു സംഘടനകൾ കൂടി രംഗത്തെത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. പ്രതിഷേധക്കാർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും പ്രാദേശിക പൊലീസ് സ്റ്റേഷൻ നശിപ്പിക്കുകയും ചെയ്തു. "സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു," പൊലീസ് പറഞ്ഞു. സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നതിനാൽ ബിർഗുഞ്ചിൽ അധികൃതർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ-നേപ്പാൾ അതിർത്തി അടച്ചു
ബിർഗുഞ്ചിലും പരിസര പ്രദേശങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ, ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സശസ്ത്ര സീമ ബൽ (എസ്എസ്ബി) അതിർത്തി പൂർണമായും അടച്ചു.
അടിയന്തര സേവനങ്ങൾ ഒഴികെ, അതിർത്തിയിലൂടെയുള്ള സാധാരണ പൗരന്മാരുടെ നീക്കം ഇന്ത്യൻ സുരക്ഷാ സേന പൂർണമായും തടഞ്ഞിട്ടുണ്ട്. ഇന്ത്യയെയും നേപ്പാളിനെയും ബന്ധിപ്പിക്കുന്ന മൈത്രി പാലത്തിൽ പ്രത്യേക ജാഗ്രത പാലിക്കുന്നുണ്ട്. അതിർത്തി കടക്കുന്ന ഓരോ വ്യക്തിയെയും സുരക്ഷാ സേന സൂക്ഷ്മമായി പരിശോധിക്കും. സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അതിർത്തിയിൽ ഒരു ഡോഗ് സ്ക്വാഡ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
നേപ്പാളിലെ സ്ഥിതിഗതികൾ വഷളായതിനെത്തുടർന്ന്, നേപ്പാളിൽ ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ നാട്ടിലേക്ക് തിരികെ മടങ്ങാൻ തുടങ്ങി. ബിർഗഞ്ചിലെ എല്ലാ കടകളും മാർക്കറ്റുകളും പൂർണമായും അടച്ചിട്ടിരിക്കുകയാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.