മെക്സിക്കോ: ഡേ ഓഫ് ദി ഡെത്ത് ആഘോഷത്തെപ്പറ്റി കേട്ടിട്ടുണ്ടോ ? അതായത് മരിച്ചവരുടെ ദിവസം. മരിച്ചവരെ അനുസ്മരിച്ചുകൊണ്ട് മെക്സിക്കോയിൽ നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ് ഡേ ഓഫ് ദി ഡെത്ത്. സ്വർഗത്തിൽ നിന്ന് ആത്മാക്കളെ ഭൂമിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് വിശ്വാസം. ഇതോടനുബന്ധിച്ച് സ്ത്രീകളും പുരുഷന്മാരും പ്രത്യേക വേഷം ധരിച്ച് മെക്സിക്കൻ തെരുവുകളിൽ വമ്പൻ പരേഡും നടത്തും.
മെക്സിക്കൻ ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഡേ ഓഫ് ദി ഡെത്ത്. നവംബർ ഒന്ന് രണ്ട് തീയതികളിലായി നടക്കുന്ന ആഘോഷത്തിന് ഏകദേശം 3000 വർഷത്തെ പഴക്കമുണ്ട്. മരിച്ചു പോയ ചെറിയ കുട്ടികളെയും കൌമാരക്കാരെയും സ്മരിക്കുന്നത് നവംബർ ഒന്നിനാണ്. ആ ദിവസം അവർക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളും വസ്തുക്കളുമെല്ലാം വീടുകളിലൊരുക്കുന്ന പ്രത്യേക അൾത്താരയിൽ തയ്യാറാക്കി വെക്കും.
നവംബർ രണ്ടിന് മുതിർന്നവരെയാണ് അനുസ്മരിക്കുക. അവരുടെ ശവകുടീരം സന്ദർശിച്ച് അവിടെ ഒരുപാട് സമയം ചെലവഴിക്കും. ശവകൂടീരങ്ങൾ അലങ്കരിക്കും. ഒപ്പം സംഗീത നൃത്ത പരിപാടികളുമെല്ലാം അരങ്ങേറും. കലാപരിപാടികൾക്ക് പുറമേ മെക്സിക്കോ നഗരങ്ങളിൽ നടക്കുന്ന വലിയ പരേഡുകളാണ് മറ്റൊരു ആകർഷണം. പ്രത്യേക വേഷം ധരിച്ചുള്ള ഈ ഒത്തുകൂടൽ കട്രീന പരേഡ് എന്നാണറിയപ്പെടുന്നത്.
മെക്സിക്കോയിൽ 1968 ലുണ്ടായ വിദ്യാർഥി കൂട്ടക്കൊലയും ആയിരക്കണക്കിനാളുകളുടെ തിരോധാനവും ഓർമപ്പെടുത്തുന്നതാണ് പരേഡ്. ക്രമേണ മെക്സിക്കോയുടെ പ്രധാനപ്പെട്ട സാംസ്കാരിക ആഘോഷമായി ഡേ ഓഫ് ഡെത്ത് മാറി. യുനെസ്കോയുടെ അംഗീകാരം നേടിയ ആഘോഷം കൂടിയാണിത്. മെക്സിക്കോയ്ക്ക് പുറമേ ബൊളീവിയ, ഗ്വാട്ടിമാല, എൽസാൽവഡോർ എന്നിവടങ്ങളിലും ഡേ ഓഫ് ഡെത്ത് ആഘോഷിക്കാറുണ്ട്.