

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 469 കവിഞ്ഞു. 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം നൽകുന്ന വിവരം. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാത്തത് കൊണ്ടാണ് പലരെക്കുറിച്ചും വിവരം കിട്ടാത്തത്. അതേസമയം, മരണസംഖ്യ ഉയരുന്നതും മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്. ടിബറ്റൻ മേഖലയിലെ തന്നെ മറ്റൊരു ഹിമ തടാകം മുറിയാനും സാധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസം ജാഗ്രത പാലിക്കണമെന്നും ചൈന നേപ്പാളിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിബറ്റ്-നേപ്പാൾ അതിർത്തിയിൽ ചൈന 'ലെവൽ-IV' അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയുടെ ജലവിഭവ മന്ത്രാലയം ടിബറ്റ് സ്വയംഭരണ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഛോഛൻ ഖോള, പുരേപു സാംഗ്‌പോ നദികളുടെ സംഗമസ്ഥാനത്തിനടുത്ത് രൂപംകൊണ്ട തടാകമാണ് അപകടഭീഷണി ഉയർത്തുന്നത്. ഈ നദികൾ ടിബറ്റിൽ ഉത്ഭവിച്ച് ഭോട്ടേ കോശി നദീവ്യൂഹത്തിന്റെ ഭാഗമായി നേപ്പാളിലേക്കാണ് ഒഴുകുക.
പ്രളയത്തിൽ തകർന്ന നേപ്പാളിന് കൂടുതൽ സഹായം എത്തിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി കൂടുതൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ നേപ്പാളിൽ എത്തും. നിർമ്മാണ പ്രവർത്തനങ്ങൾക്ക് അടക്കം ഇന്ത്യയുടെ സഹായം നേപ്പാളിൽ ലഭ്യമാക്കും. സർക്കാരിൻ്റെ അനുമതി ലഭിച്ചാൽ കരസേനയുടെ പ്രത്യേക സംഘം രക്ഷാപ്രവർത്തനത്തിന് അടക്കം നേപ്പാളിലെത്തും. സൈനിക വിമാനത്തിൽ 10 ടൺ ദുരന്തനിവാരണ സാമഗ്രികളും അവശ്യമരുന്നുകളും നേരത്തെ ഇന്ത്യ എത്തിച്ചിരുന്നു.
ടിബറ്റൻ സ്വയംഭരണ പ്രദേശമായ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള നേപ്പാൾ പ്രദേശങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിൽ വൻ നാശനഷ്ടമാണ് ഉണ്ടായത്. ടിബറ്റ് അതിർത്തിയിലുള്ള നിരവധി പദ്ധതി പ്രദേശങ്ങൾ മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി. കൈലാസ് മാനസസരോവർ തീർഥാടകർ ഉൾപ്പെടെ നിരവധി ഇന്ത്യക്കാരെ കാണാതായതോടെ, ദുരന്തത്തിനിരയായ ഇന്ത്യൻ പൗരന്മാരുടെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കാഠ്മണ്ഡുവിലെയും ബെയ്ജിംഗിലെയും ഇന്ത്യൻ എംബസികൾ നേപ്പാൾ, ചൈനീസ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്.