ഗാസസിറ്റി: ശവക്കുഴി തോണ്ടുന്നുവെന്ന് ഇസ്രയേലി ബന്ദിയുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ്. 24 കാരനായ എവ്യതാർ ഡേവിഡാണ് ദൃശ്യത്തിലുള്ളതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഒരു ഭൂഗർഭ തുരങ്കത്തിൽ മൺവെട്ടി പോലുള്ള ആയുധമെടുത്ത് കുഴിയെടുക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
"ഞാൻ ഇപ്പോൾ എൻ്റെ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. ദിവസം കഴിയുംതോറും എൻ്റെ ശരീരം ദുർബലമാകുകയാണ്. അതുകൊണ്ട് എനിക്കുള്ള കുഴി ഞാനൊരുക്കുകയാണ്. ഇവിടെ നിന്ന് മോചിതനാകാനും, എൻ്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുമുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്, "ഡേവിഡ് ഹീബ്രുവിൽ പറഞ്ഞതായും എൻഡിടിവി റിപ്പോർട്ട് ചെയ്തു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഹമാസ് എവ്യാതർ ഡേവിഡിനെ മനപൂർവം പട്ടിണിയിലാക്കിയതാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഹമാസിൻ്റെ പ്രചരണത്തിന് വേണ്ടി മാത്രമാണ് അവനെ പട്ടിണിയിലാക്കുന്നതെന്നാണ് കുടുംബം ആരോപിക്കുന്നത്.
വീഡിയോ പുറത്തുവന്നതിന് ശേഷം പ്രധാനമന്ത്രി ഡേവിഡിൻ്റെ കുടുംബവുമായി സംസാരിച്ചു. എല്ലാ ബന്ദികളുടെ മോചനം ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾ നിരന്തരമായി തുടരുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ആവർത്തിച്ചു. മനപൂർവ്വം നമ്മുടെ ബന്ദികളെ പട്ടിണിയിലാക്കുകയും അത് കുറ്റകരമായ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് നെതന്യാഹു ആരോപിച്ചു.