'റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ ഏറെക്കുറെ നിര്‍ത്തി'; പരാമര്‍ശം ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്നും ട്രംപ് ആവര്‍ത്തിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്Source: X/ buzzview BK
Published on

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെന്ന വാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യ വാങ്ങുന്നതില്‍ നിന്നും ഇന്ത്യ ഏറെക്കുറെ പിന്മാറിയെന്നും ഇനി വാങ്ങില്ലെന്നുമാണ് ട്രംപിന്റെ അവകാശവാദം.

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് പരാമര്‍ശം. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്നും ട്രംപ് ആവര്‍ത്തിച്ചു.

'ഇന്ത്യ റഷ്യയില്‍ നിന്നും ഇനി എണ്ണ വാങ്ങില്ല. അവര്‍ ഇതിനകം എണ്ണ വാങ്ങുന്നത് ഏറെക്കുറെ നിര്‍ത്തിയിട്ടുണ്ട്. അവര്‍ പിന്‍വലിയുകയാണ്. എണ്ണയുടെ 38 ശതമാനം വാങ്ങി. പക്ഷെ ഇനി വാങ്ങില്ല,' ട്രംപ് പറഞ്ഞു.

യുക്രെയിനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള ഊര്‍ജ ബന്ധം കുറയ്ക്കുന്നതിനായി രാജ്യങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് വീണ്ടും ട്രംപിന്റെ പരാമര്‍ശം.

എന്നാല്‍ ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചെന്ന വാദം ഇന്ത്യ നിരസിച്ചെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

'ഊര്‍ജ പ്രശ്നവുമായി ബന്ധപ്പെട്ട് യുഎസ് ഞങ്ങള്‍ നേരത്തെ തന്നെ പ്രസ്താവന പുറത്തിറക്കിയതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അത്തരം ഒരു ചര്‍ച്ചയും ടെലിഫോണിലൂടെ നടന്നിട്ടില്ല,' എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞത്.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുന്നുവെന്ന് ട്രംപ് ആദ്യ പരാമര്‍ശം നടത്തിയത്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ഏറ്റവും വലിയ ചുവടുവെപ്പ് എന്നാണ് ഈ നീക്കത്തെ അന്ന് ട്രംപ് വിശേഷിപ്പിച്ചത്.

റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ താന്‍ അസന്തുഷ്ടനായിരുന്നു. അതോടെ, ഇനി വാങ്ങില്ലെന്ന് മോദി തനിക്ക് ഉറപ്പ് നല്‍കി. ഇതൊരു വലിയ ചുവടുവെപ്പാണ്. ഇനി ചൈനയെയും നിര്‍ബന്ധിക്കണമെന്നും ട്രംപ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com