യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരിശോധന എന്തിനുള്ളതാണ്? ഈ ആശയക്കുഴപ്പമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ ഐക്യു ടെസ്റ്റ് നടത്തിയെന്നും മികച്ച സ്‌കോര്‍ നേടിയെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. ഡെമോക്രാറ്റിക് നേതാക്കളായ ജാസ്മിന്‍ ക്രോക്കറ്റ്, അലക്‌സാണ്ട്രിയ ഒകാസിയോ-കോര്‍ട്ടെസ് എന്നിവര്‍ തന്നെപ്പോലെ ഐക്യു ടെസ്റ്റ് നടത്തണമെന്നും ട്രംപ് പറഞ്ഞിരുന്നു.
തന്റെ രാഷ്ട്രീയ എതിരാളികള്‍ കുറഞ്ഞ ഐക്യു ഉള്ളവരാണെന്നായിരുന്നു ട്രംപിന്റെ പരിഹാസം. ഐക്യു ടെസ്റ്റ് വളരെ കടുപ്പമേറിയതാണെന്നും ഡെമോക്രാറ്റുകള്‍ കുറഞ്ഞ ഐക്യു ഉള്ളവരാണെന്നും ട്രംപ് വീമ്പ് പറഞ്ഞിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ട്രംപ് നടത്തിയ ടെസ്റ്റ് എന്താണ്? 'ആദ്യത്തെ കുറച്ച് ചോദ്യങ്ങള്‍ എളുപ്പമാണ്: ഒരു കടുവ, ഒരു ആന, ഒരു ജിറാഫ്, അങ്ങനെ. അഞ്ചോ ആറോ ചോദ്യങ്ങള്‍ ആകുമ്പോള്‍, പിന്നെ 10 ഉം 20 ഉം 25 ഉം ഒക്കെ ആകുമ്പോള്‍, ആ ചോദ്യങ്ങളിലൊന്നിനുപോലും ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയില്ല,'
ഡിമെന്‍ഷ്യയുടെ പ്രാരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ഒരു ഹ്രസ്വ വിലയിരുത്തല്‍ പരിശോധനയായ മോണ്‍ട്രിയല്‍ കോഗ്‌നിറ്റീവ് അസസ്മെന്റ് (MoCA) ആണ് ട്രംപ് പരാമര്‍ശിച്ചതെന്നാണ് സൂചനകള്‍. ഇത് ഐക്യു ടെസ്റ്റ് അല്ല. വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പരിശോധനയ്ക്കിടെ അദ്ദേഹം ഈ പരിശോധനയ്ക്ക് വിധേയനായതായും അത് വിജയിച്ചതായും ഏപ്രിലില്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍ പറഞ്ഞിരുന്നു.
വൈജ്ഞാനിക പ്രവര്‍ത്തനം വിലയിരുത്താന്‍ ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന പത്ത് മിനിറ്റ് സ്‌ക്രീനിംഗ് ഉപകരണമാണ് എംഒസി. ഓര്‍മശക്തി, ശ്രദ്ധ, ഭാഷ, വിഷ്വല്‍സ്‌പേഷ്യല്‍ കഴിവുകള്‍ തുടങ്ങിയ വൈജ്ഞാനിക മേഖലകളെ ഇത് വിലയിരുത്തുന്നു. നേരിയ വൈജ്ഞാനിക വൈകല്യം തിരിച്ചറിയുന്നതിന് ഇത് ഉപയോഗപ്രദമാണ്.
ഐക്യു അളക്കുന്നതിനോ ആര്‍ക്കെങ്കിലും കുറഞ്ഞ ഐക്യു ഉണ്ടോ എന്ന് നിര്‍ണ്ണയിക്കുന്നതിനോ അല്ല ഈ വിലയിരുത്തല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് പരിശോധനയുടെ സ്രഷ്ടാവായ കനേഡിയന്‍ ന്യൂറോളജിസ്റ്റ് ഡോ. സിയാദ് നസ്രെദ്ദീന്‍ നേരത്തെ പറഞ്ഞിരുന്നു.
താനൊരു എംആര്‍ഐ പരിശോധനയ്ക്ക് വിധേയനായെന്നായിരുന്നു ഏഷ്യാസന്ദര്‍ശനവേളയില്‍ എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കൂടിയായ വ്യക്തിയാണ് 79 കാരനായ ട്രംപ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച് നേരത്തേ ആശങ്കകളുയര്‍ന്നിരുന്നു.