

വാഷിങ്ടൺ: കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് പിന്നാലെ ജെഫ്രി എപ്സ്റ്റീൻ ഉൾപ്പെട്ട വൻ ലൈംഗിക കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ പുറത്തുവിടാനുള്ള ബില്ലിൽ ഒപ്പിട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എപ്സ്റ്റീൻ ഫയൽസ് ട്രാൻസ്പരൻസി ആക്ടിലാണ് ട്രംപ് ഒപ്പിട്ടത്. ഇതോടെ ഒരു മാസത്തിനകം യുഎസിലെ നീതിന്യായ വകുപ്പ് കേസിലെ മുഴുവൻ രഹസ്യ വിവരങ്ങളും ഇൻ്റർനെറ്റിലൂടെ പുറത്തുവിടുമെന്നാണ് വിവരം.
റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നും, ജെഫ്രി എപ്സ്റ്റീനിൻ്റെ ലൈംഗികാതിക്രമം നേരിട്ടവരുമായ അതിജീവിതമാരുടെ കുടുംബാംഗങ്ങളിൽ നിന്നും വലിയ തോതിൽ സമ്മർദ്ദം ഉയർന്നതിന് പിന്നാലെയാണ് ട്രംപിൻ്റെ നിലപാട് മാറ്റം. നേരത്തെ ഈ ബില്ല് ഒപ്പിടുന്നത് ട്രംപ് മാസങ്ങളോളം വൈകിപ്പിച്ചിരുന്നു. സമ്മർദ്ദങ്ങൾക്ക് പിന്നിൽ റിപ്പബ്ലിക്കൻ സർക്കാരിൻ്റെ ഭരണനേട്ടങ്ങൾ മറച്ചുവയ്ക്കാനായുള്ള ഡെമോക്രാറ്റുകളുടെ നീക്കമാണെന്നാണ് ട്രംപിൻ്റെ ആരോപണം.
"ഈ ഡെമോക്രാറ്റുകളെക്കുറിച്ചും ജെഫ്രി എപ്സ്റ്റീനുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചുമുള്ള സത്യം ഉടൻ വെളിപ്പെടും. കാരണം എപ്സ്റ്റീൻ ഫയലുകൾ പുറത്തിറക്കാനുള്ള ബില്ലിൽ ഞാൻ ഒപ്പുവച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുടെ അത്ഭുതകരമായ വിജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവരെ ബാധിക്കുന്ന 'എപ്സ്റ്റീൻ' വിഷയം ഡെമോക്രാറ്റുകൾ ഉപയോഗിക്കുകയായിരുന്നു," ബില്ലിൽ ഒപ്പുവച്ചതായി പ്രഖ്യാപിച്ചു കൊണ്ട് ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
ചൊവ്വാഴ്ച യുഎസ് പ്രതിനിധി സഭ ഒന്നിനെതിരെ 427 വോട്ടുകൾക്ക് ബിൽ പാസാക്കി. സെനറ്റിൽ എത്തിയപ്പോൾ തന്നെ ബില്ലിന് ഏകകണ്ഠമായ അംഗീകാരം ലഭിക്കുകയും പാസാവുകയും ചെയ്തിരുന്നു. ഇതോടെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ആശയവിനിമയങ്ങളും, 2019ൽ ഒരു ഫെഡറൽ ജയിലിൽ വച്ച് അദ്ദേഹം മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണ വിവരങ്ങളും 30 ദിവസത്തിനുള്ളിൽ പുറത്തുവിടാൻ നീതിന്യായ വകുപ്പ് ബാധ്യസ്ഥരാണ്. നിലവിലുള്ള ഫെഡറൽ അന്വേഷണങ്ങളുടെ ഭാഗമായി എപ്സ്റ്റീൻ്റെ ലൈംഗികചൂഷണം നേരിട്ട ഇരകളെക്കുറിച്ചുള്ള വിവരങ്ങൾ മറയ്ക്കാൻ ബിൽ അനുവദിക്കുന്നുണ്ട്.