

തന്റെ സ്വയം പ്രഖ്യാപിത ബില്യണ്‍ ഡോളര്‍ പീസ് ഓഫ് ബോര്‍ഡില്‍ നിന്ന് കാനഡയ്ക്കുള്ള ക്ഷണം പിന്‍വലിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാനഡയുടെ നിലനില്‍പ്പ് യുഎസിനെ ആശ്രയിച്ചാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം ട്രംപ് പിന്‍വലിച്ചത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലായിരുന്നു കാനഡയെ കുറിച്ച് ട്രംപിന്റെ പരാമര്‍ശം. യുഎസിനെ ആശ്രയിച്ചാണ് കാനഡയുടെ നിലനില്‍പ്പ് എന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇതിനു മറുപടിയായി, കാനേഡിയന്‍ ആയതുകൊണ്ടാണ് കാനഡ അഭിവൃദ്ധി പ്രാപിക്കുന്നത്, അല്ലാതെ യുഎസ് കാരണമല്ല എന്ന് കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി.
ക്യൂബെക്ക് സിറ്റിയില്‍ നടന്ന ദേശീയ പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അമേരിക്കയുമായി പങ്കാളിത്തം ഉണ്ടെന്ന് അംഗീകരിക്കുമ്പോഴും അത് മാത്രമല്ല, കാനഡയുടെ വളര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഇതിനു പിന്നാലെയാണ്, ട്രൂത്ത് സോഷ്യലിലുടെ ബോര്‍ഡ് ഓഫ് പീസിലേക്കുള്ള ക്ഷണം പിന്‍വലിക്കുന്നതായി ട്രംപ് അറിയിച്ചത്. ബോര്‍ഡില്‍ അംഗമാകാനുള്ള ട്രംപിന്റെ ക്ഷണത്തോട് അനുകൂലമായിട്ടായിരുന്നു കാനഡയുടെ പ്രതികരണം. ഇതിനിടയിലാണ് ട്രംപ് ക്ഷണം പിന്‍വലിച്ചത്.