

കാരക്കസ്: തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലുള്ള വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനങ്ങൾ. തലസ്ഥാനമായ കാരക്കസിൽ നിരവധി വൻകിട കെട്ടിടങ്ങൾ തകർന്ന് വൻതോതിൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരങ്ങൾ മരിച്ചതായാണ് സൂചനയെന്നാണ് യുഎസ് ജിയോളജിക്കൽ സർവേ നൽകുന്ന ആദ്യ സൂചന. വെനസ്വേലയിൽ ബുധനാഴ്ച വൈകീട്ടോടെയുണ്ടായ ആദ്യ ഭൂകമ്പത്തിൽ 7.5 റിക്ടർ സ്കെയിൽ തീവ്രതയും രണ്ടാം ഭൂകമ്പത്തിന് 7.1 തീവ്രതയും രേഖപ്പെടുത്തി.
വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നിന്നും ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന മൊറോണിൻ്റെ പടിഞ്ഞാറ് ഭാഗത്തായാണ് ആദ്യ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഈ പ്രദേശത്ത് 13 കിലോമീറ്റർ താഴ്ചയിലാണ് ആദ്യ ഭൂചലനം ആരംഭിച്ചത്. ഉയർന്ന ആളപായത്തിനും വ്യാപകമായ നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടെന്നും ദുരന്തം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്ത് 1967ൽ റിപ്പോർട്ട് ചെയ്ത 6.3 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തേക്കാൾ ശക്തിയേറിയ ചലനങ്ങളാണ് ഇപ്പോൾ ഉണ്ടായതെന്നാണ് വിവരം. ബുധനാഴ്ച പൊതു അവധി ദിവസമായിരുന്നതിനാൽ ഭൂകമ്പം ഉണ്ടായപ്പോൾ നിരവധി വെനിസ്വേലക്കാർ അവരുടെ വീടുകളിൽ ഉണ്ടായിരുന്നു. കാരക്കസ് അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ തകർന്നിട്ടുണ്ട്.