

തൻ്റെ പങ്കാളി ഷിവോൺ സിലിസ് ഹാഫ് ഇന്ത്യനാണെന്ന് വെളിപ്പെടുത്തി ടെസ്ല സിഇഒ ഇലോൺ മസ്ക്. സീറോദ സ്ഥാപകൻ നിഖിൽ കാമത്തിൻ്റെ "WTF is?" എന്ന പോഡ്കാസ്റ്റിനിടെയാണ് ഇലോൺ മസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. സിലിസിൽ തനിക്ക് ജനിച്ച ഒരു മകൻ്റെ മിഡിൽ നെയിം ഇന്ത്യൻ-അമേരിക്കൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ സുബ്രഹ്മണ്യൻ ചന്ദ്രശേഖറിൻ്റെ പേരിലുള്ള ശേഖർ എന്നാണെന്നും മസ്ക് വെളിപ്പെടുത്തി.
സിലിസ് കാനഡയിലാണ് വളർന്നതെന്നും കുഞ്ഞായിരിക്കുമ്പോൾ സിലിസിനെ ദത്തെടുക്കാൻ വിട്ടുകൊടുത്തതാണെന്നും മസ്ക് വെളിപ്പെടുത്തി. അവളുടെ അച്ഛൻ യൂണിവേഴ്സിറ്റിയിലെ എക്സ്ചേഞ്ച് വിദ്യാർഥിയായിരുന്നുവെന്നാണ് കരുതുന്നതെന്നും മസ്ക് പോഡ്കാസ്റ്റിൽ പറഞ്ഞു.
2017 ൽ മസ്കിൻ്റെ എഐ കമ്പനിയായ ന്യൂറലിങ്കിൽ ചേർന്ന സിലിസ് നിലവിൽ ഓപ്പറേഷൻസ് ആൻഡ് സ്പെഷ്യൽ പ്രോജക്ട്സ് ഡയറക്ടറാണ്. യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും തത്ത്വശാസ്ത്രത്തിലും ബിരുദം നേടിയയാൾ കൂടിയാണ് സിലിസ്. ഇരട്ടകളായ സ്ട്രൈഡർ, അസൂർ, മകൾ അർക്കാഡിയ, മകൻ സെൽഡൺ ലൈക്കുർഗസ് എന്നിങ്ങനെ സിലിസിന് മസ്‌കിൽ നാല് കുട്ടികളാണുള്ളത്.
പ്രതിഭകളായ ഇന്ത്യക്കാരിൽ നിന്ന് അമേരിക്കയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും കാമത്തിൻ്റെ പോഡ്‌കാസ്റ്റിലെ ഏറ്റവും പുതിയ എപ്പിസോഡിൽ മസ്ക് പറഞ്ഞു.