

ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന യുവതിയുമായുള്ള വിവാഹേതര ബന്ധത്തിന്റെ പേരില്‍ രാജിവെച്ച ജെൻസൻ ഹുവാങ്ങിനെ വീണ്ടും എൻവിഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന് ഇലോൺ മസ്ക് പിന്തുണ അറിയിച്ചു. ഇതിനായി തയ്യാറാക്കിയ ഹർജിയിൽ താൻ ഒപ്പുവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എൻവിഡിയയിൽ നിലനിൽക്കുന്ന പ്രതിസന്ധിക്കിടയിൽ, ഹുവാങ്ങിനെ നിയമിക്കാൻ കഴിയുന്നത് ഒരു ബഹുമതിയായിരിക്കുമെന്ന് ടെസ്‌ല, സ്പേസ് എക്സ് മേധാവി കൂടിയായ മസ്ക് പറഞ്ഞു.
ചിപ്പ് നിർമ്മാതാക്കളിലെ ഭീമനായ എൻവിഡിയിൽ പ്രസിഡന്റും സിഇഒയും ആയ ഹുവാങ് തന്റെ 33 വർഷത്തെ നേതൃത്വം അവസാനിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. അതേസമയം, എൻവിഡിയ നേതൃസ്ഥാനത്തേക്ക് സാധ്യതയുള്ള പിൻഗാമികളെ അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ആം ഹോൾഡിംഗ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് റെനെ ഹാസ് പരിഗണനയിലുള്ള പേരുകളിൽ ഒന്നാണ്.
ഇതിനിടയിലാണ് ഹുവാങ്ങിനെ പിന്തുണക്കുന്ന തരത്തിലുള്ള ഒരു എക്സ്സ് പോസ്റ്റിന് താഴെ ഇലോൺ മസ്‌കിന്റെ പ്രതികരണം വരുന്നത്. ജെൻസനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹർജി നടക്കുന്നുണ്ട്, ഞാനും അതിൽ ഒപ്പുവെക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജീവനക്കാരുടെ വികാരം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് എൻവിഡിയയിലെ ഒരു എഞ്ചിനീയർ എഴുതിയ പോസ്റ്റിന് താഴെയായിരുന്നു ഈ പ്രതികരണം. ഹുവാങ്ങിന്റെ രാജി വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ സമയത്ത് ഇലോൺ മസ്‌കിന്റെ പരാമർശങ്ങൾ അതിവേഗം വൈറലായി.എന്തായാലും മസ്‌കിന്റെ അംഗീകാരവും ജീവനക്കാരുടെ പിന്തുണയും ഹുവാങ്ങിന്റെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നുണ്ടെങ്കിലും, എൻവിഡിയയുടെ ബോർഡ് തീരുമാനം മാറ്റാൻ പദ്ധതിയിട്ടിട്ടില്ല.