
ലോക സമാധാനത്തിനായി അഹോരാത്രം പണിയെടുക്കുന്ന ഒരേയൊരു നേതാവ് എന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഓരോ മാസവും ലോകത്തെ ഓരോ യുദ്ധം അവസാനിപ്പിക്കുന്ന പ്രസിഡന്റ് എന്നാണ് ട്രംപ് സ്വയം വിശേഷിപ്പിക്കുന്നത്.
ഇസ്രയേല്‍-ഹമാസ് സമാധാന കരാര്‍ കൂടി നിലവില്‍ വന്നതോടെ എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ തന്റെ ഇടപെടലിലൂടെ അവസാനിച്ചുവെന്ന് ട്രംപ് അവകാശപ്പെടുന്നു. സമാധാനത്തിന്റെ പ്രസിഡന്റ് എന്ന് സ്വയം പുകഴ്ത്തുന്ന ഒരു പോസ്റ്റാണ് അദ്ദേഹത്തിന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് സോഷ്യലില്‍ ഏറ്റവും ഒടുവിലായി പങ്കുവെച്ചിരിക്കുന്നത്.
ഏറ്റവും ശ്രദ്ധേയമായ കാര്യം, അവസാനിപ്പിച്ചുവെന്ന് പറയുന്ന എട്ട് യുദ്ധങ്ങളില്‍ ഒന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളതാണ്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥത വഹിച്ചെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് ട്രംപ്. ഇന്ത്യയാകട്ടെ ഈ അവകാശവാദം ഇതുവരെ അംഗീകരിച്ചിട്ടുമില്ല.
താന്‍ അവസാനിപ്പിച്ച യുദ്ധങ്ങളില്‍ നാലാമതായാണ് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ ട്രംപ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കംബോഡിയ -തായ്‌ലന്‍ഡ്
കൊസോവോ-സെര്‍ബിയ
ഡിആര്‍സി (കോംഗോ)-റുവാണ്ട
പാകിസ്ഥാന്‍-ഇന്ത്യ
ഇസ്രയേല്‍ - ഇറാന്‍
ഈജിപ്ത്-എത്യോപ്യ
അര്‍മേനിയ- അസര്‍ബൈജാന്‍
ഇസ്രയേല്‍ -ഹമാസ്
വ്യാപാര ഭീഷണി ഉയര്‍ത്തിയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന കരാറിന് മധ്യസ്ഥത വഹിച്ചതെന്നാണ് ട്രംപിന്റെ വാദം. ഏറ്റവും ഒടുവില്‍ ഇസ്രയേല്‍-ഹമാസ് സമാധാന കരാറിനു ശേഷവും ഇക്കാര്യം ട്രംപ് ആവര്‍ത്തിച്ചിരുന്നു.