12,000 വര്‍ഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ഇന്ത്യയിലടക്കം ജാഗ്രതാ നിര്‍ദേശം

വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
12,000 വര്‍ഷത്തിനിടെ ആദ്യമായി എത്യോപ്യയിലെ ഹെയ്‌ലി ഗബ്ബി അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ഇന്ത്യയിലടക്കം ജാഗ്രതാ നിര്‍ദേശം
Image: X
Published on
Updated on

ന്യൂഡല്‍ഹി: എത്യോപ്യയില്‍ അഗ്നിപര്‍വത സ്‌ഫോടനം. ഹെയ്‌ലി ഗബ്ബി അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. 12,000 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വത സ്‌ഫോടനത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്യോപ്യയിലെ അഫാര്‍ പ്രദേശത്താണ് ഹെയ്‌ലി ഗബ്ബി അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് അഗ്നിപര്‍വതത്തില്‍ നിന്ന് 15 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചാരം നിറഞ്ഞ പുക ഉയര്‍ന്നു. വര്‍ഷങ്ങളായി നിര്‍ജീവമായി കണക്കാക്കപ്പെട്ടിരുന്ന അഗ്നിപര്‍വതമായിരുന്നു ഹെയ്‌ലി ഗബ്ബി.

അഗ്നിപര്‍വതത്തില്‍ നിന്നുയര്‍ന്ന കരിമേഘം ചെങ്കടലിനു മുകളിലൂടെ യെമന്‍, ഒമാന്‍ എന്നിവിടങ്ങളിലും ഇവിടെ നിന്ന് ഇന്ത്യ, പാകിസ്ഥാനിലും വരെ നീങ്ങിയിരിക്കുകയാണ്. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ശക്തിമായ പുക ഏഷ്യയിലെ വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങള്‍ വൈകുകയും ചില വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്‍ഡിഗോ മിഡില്‍ ഈസ്റ്റിലേക്കുള്ള ചില വിമാനങ്ങള്‍ റദ്ദാക്കി. ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എം ആംസ്റ്റര്‍ഡാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനവും റദ്ദാക്കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം വഴി തിരിച്ചു വിട്ടു അഗ്നിപര്‍വതത്തെ തുടര്‍ന്നുള്ള ശക്തമായ കരിമേഘം ഡല്‍ഹിയിലും മഹാരാഷ്ട്രയിലും അടക്കം ദൃശ്യമായി.

അതേസമയം, അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്ന അഫാര്‍ മേഖലയ്ക്കടുത്തുള്ള അഫെഡെറ ഗ്രാമം ചാരം കൊണ്ട് മൂടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. കന്നുകാലി വളര്‍ത്തി ഉപജീവനം നടത്തുന്നവരാണ് അഫെഡെറ ഗ്രാമവാസികള്‍.പല ഗ്രാമങ്ങളും ചാരം കൊണ്ട് മൂടിയതിനാല്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമില്ലാതായി.

എറിട്രിയന്‍ അതിര്‍ത്തിക്കടുത്തുള്ള എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ അഗ്‌നിപര്‍വ്വതം ഭൂകമ്പ സജീവമായ റിഫ്റ്റ് വാലിയിലാണ് സ്ഥിതി ചെയ്യുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com