

വടക്കുകിഴക്കൻ നൈജീരിയൻ നഗരമായ മൈദുഗുരിയിലെ ഒരു പള്ളിയിൽ ബുധനാഴ്ച ഉണ്ടായ സ്ഫോടനത്തിൽ ഏഴ് വിശ്വാസികൾ കൊല്ലപ്പെട്ടു. വർഷങ്ങളായി ജിഹാദി ഗ്രൂപ്പുകളായ ബോക്കോ ഹറാമും അതിൻ്റെ ഒരു ശാഖയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയും കലാപം നടത്തുന്ന സ്ഥലമാണിത്. എന്നാൽ ഇതുവരെ അക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.
നഗരത്തിലെ ഗാംബോരു മാർക്കറ്റിലെ തിരക്കേറിയ ഒരു പള്ളിയിൽ വൈകുന്നേരം മുസ്ലീം വിശ്വാസികൾ സായാഹ്ന പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയപ്പോഴായിരുന്നു സ്ഫോടനം. എത്ര പേർ മരിച്ചുവെന്നതിൻ്റെ ഔദ്യോഗിക കണക്ക് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
പള്ളിക്കുള്ളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടാകുമെന്നും അത് പ്രാർത്ഥനയ്ക്കിടെ പൊട്ടിത്തെറിച്ചതാണെന്നും സംശയിക്കുന്നതായി പൊലീസ് വക്താവ് നഹും ദാസോ വാർത്താ ഏജൻസിയായ എഎഫ്പിയോട് വ്യക്തമാക്കി. അതേസമയം, ഇത് ചാവേർ ആക്രമണമാണെന്നാണ് ദൃക്‌സാക്ഷികൾ വിവരിച്ചത്.
മൈദുഗുരി ദീർഘകാലമായി കലാപ ബാധിത പ്രദേശമായിരുന്നുവെങ്കിലും കഴിഞ്ഞ മൂന്നു വർഷമായി കാര്യമായ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അവസാനത്തെ വലിയ ആക്രമണം ഉണ്ടായത് 2021ലായിരുന്നു. 2009 മുതൽ നടന്ന കലാപത്തിൽ ഏകദേശം 40000ത്തോളം പേർ കൊല്ലപ്പെടുകയും ഏകദേശം 20 ലക്ഷം പേർ പലായനം ചെയ്യുകയും ചെയ്തതായാണ് കണക്കുകൾ.