

അമേരിക്കയില്‍ പൊലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വിദ്യാർഥിയുടെ കുടുംബത്തിന് 260 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് സിയാറ്റില്‍ സിറ്റി കൗണ്‍സില്‍. 29 മില്യണ്‍ യുഎസ് ഡോളറാണ് നഷ്ടപരിഹാര തുക. 2023 ല്‍ കെവിന്‍ ഡേവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അമിതവേഗതയില്‍ ഓടിച്ച വാഹനമിടിച്ചാണ് ബിരുദ വിദ്യാർഥിയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശി ജാന്‍വി കണ്ഡുല കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു കണ്ടുല.
അപകടത്തിന് പിന്നാലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേതായി പുറത്തു വന്ന റെക്കോർഡിംഗ് വലിയ വിവാദമുണ്ടാക്കിയിരുന്നു. ജാന്‍വിയുടെ ജീവന് വലിയ വിലയില്ലെന്നും, ഒരു ചെക്ക് എഴുതി കൊടുക്കാമെന്നും പറയുന്ന സംഭാഷണം പുറത്തുവന്നതോടെ, പൊലീസ് യൂണിയന്‍ നേതാവ് കൂടിയായ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. യൂണിയൻ നേതാവായിരുന്ന ഓഫീസർ ഡാനിയേൽ ഔഡെററുടെ പരാമർശങ്ങൾ വകുപ്പിൻ്റെ പ്രശസ്തിക്ക് കോട്ടം വരുത്തുകയും പൊതുജനവിശ്വാസം തകർക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇയാളെ പിരിച്ചുവിട്ടത്.
അശ്രദ്ധമായി വാഹനമോടിച്ചതിന് അപകടമുണ്ടാക്കിയ ഡ്രൈവിംഗ് ഓഫീസറെ പൊലീസ് വകുപ്പ് പുറത്താക്കുകയും 5,000 ഡോളർ പിഴ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.