

ആഗോള ടെക് ജയന്‍റും ചിപ് നിർമാണ കമ്പനിയുമായ എൻവിഡിയയുടെ മേധാവി ജെൻസെൻ ഹുവാങിന് ചൈനീസ് ചാരവനിതയുമായുള്ള പ്രണയബന്ധത്തെക്കുറിച്ച് എഫ്ബിഐ അന്വേഷിക്കും. ആലീസ് ഹുവാങ് എന്ന ചൈനീസ് വനിതയുമായുള്ള ജെൻസെൻ ഹുവാങിന്‍റെ ബന്ധമാണ് ആലീസ് ചൈനീസ് ചാരവനിതയാണെന്ന കണ്ടെത്തലിന് പിന്നാലെ വിവാദമായത്. അതേസമയം ആലീസ് ചാരവനിതയാണെന്ന കാര്യം ജെൻസെൻ ഹുവാങിന് അറിയില്ലായിരുന്നു എന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ജെൻസെൻ ഹുവാങിനോട് കാര്യം സംസാരിച്ച ശേഷമാണ് ചൈനീസ് ചാരപ്രവൃത്തിയെക്കുറിച്ച് എഫ്ബിഐ അന്വേഷണം നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ആലീസ് ഹുവാങ് ചാരവനിതയാണ് എന്ന് അറിവുണ്ടായിരുന്നോ എന്ന് താൻ ജെൻസെൻ ഹുവാങിനോട് ചോദിച്ചുവെന്നും അറിവുണ്ടായിരുന്നില്ല എന്നാണ് ജെൻസെൻ ഹുവാങ് മറുപടി പറഞ്ഞതെന്നും ട്രംപ് പറഞ്ഞു. താൻ ജെൻസെനെ വിശ്വസിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ജെൻസെൻ ഹുവാങ് സത്യസന്ധനായ മനുഷ്യനാണെന്ന് പറഞ്ഞ ട്രംപ് ആലീസുമായുള്ള ബന്ധത്തിൽ ഇൻറലിജൻസ് വിവരങ്ങളോ സുരക്ഷയെ സംബന്ധിക്കുന്ന കാര്യങ്ങളോ വെളിപ്പെടുത്തപ്പെട്ടിട്ടില്ല എന്നും മാധ്യമങ്ങളോട് പറഞ്ഞു.
ആപ്പിൾ കഴിഞ്ഞാൽ ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയാണ് എൻവിഡിയ. എഐ സാങ്കേതികവിദ്യയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട കംപ്യൂട്ടർ ചിപ്പുകൾ ഡിസൈൻ ചെയ്യുന്നതും എൻവിഡിയയാണ്. പ്രസിഡന്‍റ് ട്രംപുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തിയുമാണ് ജെൻസെൻ. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് തനിക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഭാര്യയോടും മക്കളോടും മാപ്പ് ചോദിക്കുന്നുവെന്നും ജെൻസെൻ ഹുവാങ് എൻവിഡിയ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറഞ്ഞത്.
ഒരു വർഷത്തിലേറെയായി ആലീസ്, യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സിങ്കപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗസ്പീഡ് എന്ന ഡേറ്റസെന്‍ററിന്‍റെ ഉന്നത ഉദ്യോഗസ്ഥയാണ് ആലീസ് . കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് അത്യന്താധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് കടത്താനുള്ള നീക്കത്തിന്‍റെ ഭാഗമായിരുന്നു ജെൻസെനുമായുള്ള ബന്ധമെന്നാണ് അമേരിക്കൻ ഏജൻസികളുടെ വിലയിരുത്തൽ. അതേസമയം ആലീസ് വിവരങ്ങൾ ചോർത്തുന്നതിൽ എത്രമാത്രം വിജയിച്ചു, എന്തൊക്കെ വിവരങ്ങൾ ചോർത്തി എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
വിഷയത്തിൽ എൻവിഡിയയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎസിന്‍റെ സുരക്ഷ അപകടത്തിലാകും വിധം വിവരങ്ങളൊന്നും ചോർന്നിട്ടില്ല എന്നാണ് കമ്പനി പറയുന്നത്. അതേസമയം ആലീസ് ഹുവാങിനെ ഉപയോഗിച്ച് ജെൻസെൻ ഹുവാങിനെ ലക്ഷ്യമിട്ട് ചാരപ്രവൃത്തി നടത്തിയെന്ന ആരോപണം ചൈന നിഷേധിച്ചു.